മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽനിന്ന് ഒരു കിലോയോളം വരുന്ന സ്വർണം പോലീസ് പിടികൂടി.
ചപ്പാരപ്പടവ് സ്വദേശി മുസ്തഫയിൽ നിന്നാണ് 47 ലക്ഷത്തോളം രൂപ വരുന്ന 832 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്താവള പരിസരത്തുനിന്ന് എയർപോർട്ട് പോലീസാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാരൻ പിടിയിലായത്.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയ്ക്കുശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 900 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 832 ഗ്രാം സ്വർണമാണ് ലഭിച്ചത്.
പിടികൂടിയ സ്വർണവും യാത്രക്കാരനെയും ഇന്നു കോടതിയിൽ ഹാജരാക്കും. വിമാനത്താവള പരിസരത്ത് നിന്നു നിരവധി തവണയാണ് പോലീസ് സ്വർണക്കടത്തുക്കാരെ പിടികൂടുന്നത്.