നെടുമ്പാശേരി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നു യാത്രക്കാരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
പിടിയിലായവരിൽ ഒരാൾ ശ്രീലങ്കൻ സ്വദേശിയാണ്. 86 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി തോമസ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1186 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്.
ദുബായിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരനായ മതിലകം സ്വദേശി മുഹമ്മദ് 278 ഗ്രാം സ്വർണമാണ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്നും എത്തിയ ശ്രീലങ്കൻ സ്വദേശി മുഹമ്മദ് മുഫ്നിയാണ് സ്വർണവുമായി പിടിയിലായ മറ്റൊരു യാത്രക്കാരൻ. 838.43 ഗ്രാം സ്വർണമിശ്രിതമാണ് ഇയാളിൽനിന്നു പിടികൂടിയത്.
ഇതിൽനിന്നും 28 ലക്ഷം രൂപയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്. രണ്ട് അടിവസ്ത്രങ്ങൾ ചേർത്ത് തുന്നിയശേഷം അതിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.