നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യാത്രക്കാരുടെ പക്കൽനിന്ന് 14 .1 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അനധികൃതമായി കൊണ്ടുവന്ന രണ്ട് ഐഫോണുകളും പിടിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് 6.32 കോടി രൂപ വിലവരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ കഴിഞ്ഞ 23ന് 2.75 കോടി രൂപ വിലയുള്ള ആറു കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചിരുന്നു.
മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. ഇത് കൊണ്ടുവന്ന യാത്രക്കാരനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല.
24ന് മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് യാത്രക്കാർ 6454 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ഇതിന് വിപണിയിൽ 2.6 കോടി രൂപ വിലയുണ്ട്. ഈ സ്വർണ്ണ കള്ളക്കടത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. വിദേശത്തു നിന്നെത്തിയ ഒരു ശ്രീലങ്കൻ വംശജൻ സ്വർണം മുംബൈ വിമാനത്താവളത്തിൽ വച്ച് കൈമാറുകയായിരുന്നു.