നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്പത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്.
പതിവിലും വ്യത്യസ്തമായി സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു.
ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്.
ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു.
ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്.
82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ പുറത്തും പരിശോധന ശക്തമാക്കിയത്. അങ്ങനെയാണ് എണ്ണയും പണവുമായി ഇവര്‍ പിടിയിലാകുന്നത്.