ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി വമ്പന്സ്രാവുകളിലേക്കു ചുവടുവയ്ക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കൂടാതെ സംസ്ഥാന സര്‍ക്കാരിനെ
നിയന്ത്രിക്കുന്നപാര്ട്ടിനേതാക്കളും അവരുടെ മക്കളും കുടുംബവും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വമ്പന്‍സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവു കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച് അന്വേഷണവുമായിമുന്നോട്ടു പോകുകയാണ് ദേശീയ ഏജന്‍സികള്‍.
സ്വപ്നയുടെയും സരിത്തിന്റെയും മറ്റു പ്രതികളുടെയും മൊഴിയാണ് ഇഡി, കസ്റ്റംസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത്.
കോടതിയിലും ഇതു സംബന്ധിച്ചു സ്വപ്നയുടെയും സരിത്തിന്റെയും മൊഴിനിലനില്ക്കുകയാണ്. ഇഡിയുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ്. രവീന്ദ്രനെ ഈ ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം.
അതിനു മുമ്പു രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെല്ലാം പരിശോധന നടത്തി വിശദമായ വിവരം ശേഖരിച്ചു കഴിഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍നിന്നു പോലും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിലെല്ലാം പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ കുടുംബങ്ങള്‍ക്കും ബന്ധമുണ്ടെന്നതാണ് കേസിനെ ശക്തിപ്പെടുത്തുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിയും വിലയിരുത്തി കഴിഞ്ഞു.
ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്ന കോടതിയുടെ പരാമര്‍ശം കസ്റ്റംസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ആത്മവിശ്വാസം നല്കുന്നു.
ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കോടതി നിരീക്ഷണം വിവിഐപികള്‍ അറസ്റ്റിലാകും എന്നതിന്റെ സൂചനയാണ്.
സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന കണ്ടെത്തല്‍ നടത്തിയ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതല്‍ കോടതിയിലും ഈ റിപ്പോര്‍ട്ടാണ് നല്കിയിരുന്നത.
തുടര്‍ന്നുള്ള ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടെത്തിയവരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളവരും വിവിഐപികളുമാണ്.
ദേശീയ അന്വേഷണ ഏജന്‍സികളുടെ ലിസ്റ്റിലുള്ളവരും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായ രവീന്ദ്രനും കൂടാതെ രണ്ട് സെക്രട്ടറിമാരുമാണ്. ഈ കേസിലേക്കു വിവിഐപികളായി മന്ത്രിമാരും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും സംശയമുള്മുനയിലാണ്.