കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിട്ട് ഒരു മാസം പിന്നിടുമ്പോള്‍ കള്ളക്കടത്ത് കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര മേഖലയില്‍ പുത്തന്‍ ഉണര്‍വ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്നും ആറു ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ ഇതു പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ ഒമ്പതു ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭം ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപ മാത്രമായി ചുരുങ്ങിയതോടെയാണ് വളരെയധികം പേര് അതില്‍നിന്നും പിന്മാറിയിട്ടുള്ളത്.
ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദുബായില്‍നിന്നും നേരത്തെ സ്വര്‍ണം കേരളത്തില്‍ കൊണ്ടുവന്ന് വില്ക്കുമ്പോള് ഒരു പവന് 5,000 രൂപയ്ക്കടുത്ത് ലാഭമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് ആയിരം രൂപയില്‍ താഴെ മാത്രമായി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കുറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,660 രൂപയും പവന് 53,280 രൂപയുമായി.
ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിന് കൂടുതല്‍ സാധ്യമാക്കിയാല്‍ ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ കഴിയുമെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനത്തില്‍നിന്നും പകുതിയായി കുറച്ചാല്‍ സമാന്തര സ്വര്‍ണ വ്യാപാരത്തിന് കടിഞ്ഞാണിടാനും നികുതി വരുമാനം കൂട്ടാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.