കാക്കനാട്: ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ആഭരണങ്ങൾ ഉണ്ടാക്കിയിരുന്നത് പുതിയ ഫാഷനിലും സ്റ്റൈലിലും. നടത്തിയ ബന്ധുക്കളായ രണ്ട് പേരെ തൃക്കാക്കര പോലീസ് പിടികൂടി.
കിഴക്കമ്പലം ചൂരക്കോട് കുഴുപിള്ളി വീട്ടില്‍ കെ.എ. സലീം (42), പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപം കുഴുപ്പിള്ളി വീട്ടില്‍ കെ.എം. സലീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പുതിയ ഫാഷനിലും മോഡലിലും ആഭരണങ്ങള്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയാണ് ഇവര്‍ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കാലാവധി കഴിഞ്ഞിട്ടും തങ്ങള്‍ക്ക് പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നും അതിന് സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.
പള്ളിക്കരയിലെ സ്വര്‍ണപ്പണിക്കാരനും ചെറുകിട ജ്വല്ലറി ഉടമയുമായ ഷാജിയെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ഫൈനാന്‍സ് സ്ഥാപനത്തിലെ കുടിശിക അടച്ച് സ്വര്‍ണം വീണ്ടെടുത്താല്‍ കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങള്‍ വില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയാണ് പരാതിക്കാരനെ സമീപിച്ചത്.
ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണയ സ്വര്‍ണം തിരിച്ചെടുത്ത് ഉരച്ച് നോക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.ഇവര്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
തൃക്കാക്കര സിഐ ആര്. ഷാബു, എസ്ഐമാരായ എന്‍.ഐ. റഫീക്ക്, റോയ് കെ. പുന്നൂസ്, സിപിഒ ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.