പഴയങ്ങാടി: ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങി ജ്വല്ലറി ഉടമയെ കബളിപ്പിച്ച നാലു പേരെ കണ്ണപുരം പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ റഹിയാനത്ത് (33), ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ. നഗറിലെ റസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്ഐ റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്.
ചെറുകുന്ന് അർബൻ ബാങ്കിൽ പ്രതികൾ പണയം വെച്ച സ്വർണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമ കല്യാശേരി ദാറുമൽ മുസ്ലിം എൽപി സ്കൂളിന് സമീപത്തെ ടി.വി. ല ക്ഷ്മണനെയാണ് 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സ്വർണാഭരണങ്ങൾ നൽകാതെ പ്രതികൾ വഞ്ചിച്ചത്.
പുതിയങ്ങാടിയിലെ മുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് സ്വർണം തരാമെന്ന് പരാതിക്കാരനെ അറിയിച്ചത്. തുടർന്ന് പഴയങ്ങാടിയിൽ വച്ച് പരാതിക്കാരനിൽ നിന്നും ഒന്നാം പ്രതിയായ റഹിയാനത്ത് 10 ലക്ഷം രൂപ വാങ്ങിയെന്നും സ്വർണാഭരണങ്ങൾ തരാതെ വഞ്ചിച്ചുവെന്നും രണ്ടും മൂന്നും നാലും പ്രതികൾ ഒത്താശ ചെയ്തുകൊടുത്തുവെന്നും പരാതിയിലുണ്ടായിരുന്നു.
കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പ്രതികളെ മട്ടന്നൂർ വെളിയമ്പ്രയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു.