മങ്കൊമ്പ്: മിനുക്കിനല്കാമെന്നു പറഞ്ഞു വീട്ടമ്മയില്‍നിന്നു സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ അരാരിയ ജില്ലയില്‍ ധാമ പഞ്ചായത്തില്‍ മഠിയാരി ശാഹ് മന്ദിര്‍ സ്വദേശി ദിനേഷ് ഷാഹ് (42) യെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാവിലെ 10.45ന് മങ്കൊമ്പിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതി ആദ്യം ഇവിടെയുണ്ടായിരുന്ന ഓട്ടുവിളക്ക് തന്റെ കൈവശമുണ്ടായിരുന്ന ലായനി ഉപയോഗിച്ച് വെളുപ്പിച്ച് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
തുടര്‍ന്നു മിനുക്കിനല്കാമെന്നുപറഞ്ഞു സ്വര്‍ണമാല ആവശ്യപ്പെടുകയും ലായനിയില്‍ ലയിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് മങ്കൊമ്പില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിരുന്നു. ഇതു മാധ്യമങ്ങളില്‍ കണ്ടിരുന്ന വീട്ടമ്മ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.