ആലുവ: സ്വർണത്തട്ടിപ്പിന്റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ പോലീസ് കണ്ടെത്തി. ഏഴു പ്രതികളും രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലായി.
എൻഎഡി സ്വദേശികളായ അൽത്താഫ്, മുഹമ്മദ് അമൽ, ആദിൽ, ഉളിയന്നൂർ സ്വദേശി ആരിഫ്, കടുങ്ങല്ലൂർ സ്വദേശികളായ ഹൈദ്രോസ്, സിജോ ജോസ്, ഫാസിൽ എന്നിവർ ചേർന്നാണ് ആലുവ പൈപ്പ് ലൈൻ റോഡിൽനിന്ന് മൈസൂർ സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരൻ വണ്ടിയുടെ നമ്പറടക്കം പോലീസിനെ അറിയിച്ചതാണ് പോലീസ് സഹായകമായത്.
പൈപ്പ് റോഡിൽ ജില്ലാശുപത്രിയുടെ മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഗോമയ്യയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനാണ് ഉടൻ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. കെഎൽ 7 സി എഫ് 6971, കെ എൽ 7 ഡി ഡി 1969 എന്നീ കാറുകളാണ് കസ്റ്റഡിയിലെടുത്തത്.
ഈ മേഖലയിലുള്ള നിരീക്ഷണ കാമറകളുടെ സഹായത്തോടെ രണ്ടു വാഹനങ്ങളെ കുറിച്ചുളള വിവരങ്ങളും ലഭിച്ചു. നഗരത്തിലെ പ്രധാന വഴികളിലെല്ലാം പോലീസ് അന്വേഷണം നടന്നു. തുടർന്ന് ഉളിയന്നൂരിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നാണ് ഗോമയ്യയെയും തട്ടിക്കൊണ്ടു പോയ സംഘത്തെയും കിട്ടിയത്.
ഭൂമി കുഴിച്ചപ്പോൾ കിട്ടിയ സ്വർണം വിൽക്കാനാണ് ആലുവയിൽ സുഹൃത്തിനൊപ്പം എത്തിയതെന്നാണ് ഗോമയ്യ പോലീസിന് നൽകിയ മൊഴി. കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്ന് പറഞ്ഞ് കർണാടകയിൽ നിന്നുളള മറ്റൊരു സംഘം മുക്കുപണ്ടം നൽകി പറ്റിച്ചിട്ടുണ്ടെന്നും ഇതിന് പകരം വീട്ടാനാണ് ഗോമയ്യയെയും കൂട്ടുകാരനെയും സ്വർണ കച്ചവടത്തിന്റെ പേരു പറഞ്ഞ് വിളിച്ചു വരുത്തിയത് എന്നുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാക്കൾ പോലീസിനോട് പറഞ്ഞത്. അതിനിടയിൽ ഗോമയയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.