കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില് കോടികളുടെ സ്വര്ണത്തട്ടിപ്പു നടന്ന സംഭവത്തില് സിബിഐ അന്വേഷണത്തിനു സാധ്യത തെളിയുന്നു. കോടികളുടെ തിരിമറിയായതിനാല് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്ന്നിട്ടുണ്ട്. സാധാരണ ഗതിയില് മൂന്നുകോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള് സിബിഐക്ക് റിപ്പോര്ട്ട് ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. ആര്ബിഐയുടെ വ്യക്തമായ മാര്ഗനിര്ദേശവും ഇക്കാര്യത്തില് പുറപ്പെടുവിച്ചിട്ടുണ്ട്.
17.20 കോടി രൂപയുടെ 26.24 കിലോഗ്രാം സ്വര്ണാഭരണങ്ങളാണ് മുന് മാനേജര് മധാ ജയകുമാര് തട്ടിയെടുത്തത്. പണയം വച്ച സ്വര്ണാഭരണങ്ങള് മാറ്റിയശേഷം പകരം മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തി പോലീസില് പരാതി നല്കിയത്. പ്രതിയെ കഴിഞ്ഞ ദിവസം തെലുങ്കാനയില് വച്ച് പോലീസ് അറസ്റ്റ് ചെയ്ത് വടകരയില് എത്തിച്ചിരുന്നു.
ബാങ്കിലെ മറ്റ് ജീവനക്കാര്ക്ക് തട്ടിപ്പില് പങ്കുണ്ടോയെന്ന കാര്യത്തില് അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പുസംബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്ബിഐക്കും സിബിഎക്കും ഉടന് റിപ്പോര്ട്ട് നല്കുമെന്നാണ് സൂചന. തട്ടിപ്പുസംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയശേഷമായിരിക്കും സിബിഐ കേസ് രജിസ്റ്റര് ചെയ്യുകയെന്ന് വിദഗ്ധര് പറഞ്ഞു.
ഏഴരക്കോടിയിലധികം തുകയ്ക്കുള്ള തട്ടിപ്പാണെങ്കില് സിബിഐയുടെ പ്രത്യേക ഇക്കണോണോമിക് ഒഫന്സ് വിംഗ് സെല്ലാണ് കേസ് അന്വേഷിക്കേണ്ടത്. പ്രധാന ബാങ്ക് തട്ടിപ്പു കേസുകളിലെല്ലാം ഈ വിഭാഗമാണ് അന്വേഷണം നടത്താറുള്ളത്. കോഴിക്കോട് പഞ്ചാബ് നാഷണല് ബാങ്കിലെ തട്ടിപ്പുകേസ് അന്വേഷിച്ചത് സിബിഐയാണ്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്ണത്തട്ടിപ്പു കേസില് സ്വര്ണം കൈക്കലാക്കിയ മുന്മാനേജര് മധാ ജയകുമാര് ബാങ്കിനെതിരേയും ആരോപണങ്ങള് ഉന്നയിച്ചിരുന്നു.പ്രത്യേകിച്ച് സ്വര്ണപ്പണയവുമായി ബന്ധപ്പെട്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള് നിയന്ത്രണമില്ലാതെ സ്വര്ണം പണയംവയ്ക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ പണയം പൊതുമേഖലാ ബാങ്കുകളില് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കര്ശന നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിക്കപ്പെട്ടോ എന്നതുള്പ്പെ ടെയുള്ള കാര്യങ്ങളില് വിശദമായ അന്വേഷണത്തിനു സാധ്യതയുണ്ട്.
വടകരയില് മുന്മാനേജര് തട്ടിയെടുത്തത് 26.24 കിലോ സ്വര്ണവും ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റേതാണെന്നാണ് വിവരം. അറസ്റ്റിലായ ബാങ്ക് മാനേജര് ഇതിനുമുമ്പ് ഇത്തരത്തില് ഏതെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇയാള് സര്വീസില് പ്രവേശിച്ചശേഷമുള്ള എല്ലാ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.