കാസര്‍ഗോഡ്: മെംബര്‍മാരുടെ പേരില്‍ ഇല്ലാത്ത സ്വര്‍ണം പണയം വച്ച് സഹകരണസംഘം സൊസൈറ്റി സെക്രട്ടറിയായ സിപിഎം നേതാവ് തട്ടിയത് 4,75,99,907 കോടി രൂപ.
സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ സ്ഥിതിചെയ്യുന്ന കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്.
സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയം സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ കാറഡുക്ക കര്മംതൊടിയിലെ കെ.രതീശനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി ആദൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
കേസ് ഉടന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. സൊസൈറ്റി പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്കിയ പരാതിയിലാണ് കേസെടുത്തത്. ഈവര്‍ഷം ജനുവരി മുതല്‍ നാലുമാസം കൊണ്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്.
സഹകരണവകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 10 വര്‍ഷം മുമ്പാണ് ഈ സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
തുക തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്നതിനാല്‍ ഇടപാടുകാര്‍ ആശങ്കയിലാണ്.