സ്വന്തം ലേഖകന്‍
കോഴിക്കോട്: ധനകാര്യസ്ഥാപനങ്ങളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സജിനി, തസ്റീന എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. അതേസമയം തട്ടിപ്പ് ആസൂത്രണം ചെയ്ത സൂത്രധാരനായ തിരൂര്‍ സ്വദേശിയായ മൊയ്തീന് കുട്ടിയെ പിടികൂടിയെങ്കിലും പിന്നീട് പോലീസ് വിട്ടയച്ചു. സംഭവം വിവാദമാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ വീണ്ടും പിടികൂടാന്‍ പോലീസ് തയാറായപ്പോഴേക്കും പ്രതി മുങ്ങി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ്ഹില്ലിലെ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാനാ-യി എത്തിയതായിരുന്നു സജിനി. പണയം വയ്ക്കാനായി നല്കിയ സ്വര്‍ണം പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാരന് വിശദമായി വീണ്ടും പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
തുടര്‍ന്ന് സജിനിയെയും കൂടെ എത്തിയ തസ്റീന, മൊയ്തീന്‍കുട്ടി എന്നിവരേയും ഇവര്‍ പിടികൂടി. സംഭവത്തില്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കുകയും പിടികൂടിയ മൂന്നുപേരെയും നടക്കാവ് പോലീസിന് കൈമാറുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച പുതിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ പോലീസ് വിട്ടയച്ചു. അതിനിടെ പുതിയ കാറും വിട്ടതരണമെന്ന് മൊയ്തീൻകുട്ടി ആവശ്യപ്പെട്ടു. കാറിന്റെ ആര്‍സി പരിശോധിച്ചപ്പോള്‍ മൊയ്തീന് കുട്ടിയുടേതല്ലെന്ന് ബോധ്യപ്പെട്ട പോലീസ് ആര്‍സി ഉടമയെത്തിയാല്‍ മാത്രമേ കാര്‍ വിട്ടു നല്കുകയുള്ളൂവെന്ന് അറിയിച്ചു.
തുടര്‍ന്ന് മൂവരും പോവുകയായിരുന്നു. അതിനിടെ ധനകാര്യ സ്ഥാപന അധികൃതര്‍ ഇവര്‍ നേരത്തെ പണയം വച്ച സ്വര്‍ണം പരിശോധിച്ചു. ഈ സ്വര്‍ണവും മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. അപ്പോഴേക്കും പ്രതികളെല്ലാം സ്റ്റേഷനില്‍ നിന്നും പോയിരുന്നു.
സമാനമായ രീതിയില്‍ പലയിടത്തും പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാന്‍ പോലീസ് തയാറാവുകയായിരുന്നു. അടുത്ത ദിവസങ്ങളിലായി സജിനിയേയും തസ്റീനയേയും പിടികൂടിയെങ്കിലും സൂത്രധാരനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്.
അതേസമയം പിടിയിലായ രണ്ടുസ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിനു വ്യക്തമായി. നടക്കാവ് പോലീസ് പരിധിയില്‍ നാല് കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. ചേവായൂര്‍ , മെഡിക്കല്‍കോളജ് പോലീസ് പരിധിയിലും സമാനമായ രീതിയില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ വായ്പയെടുത്തിട്ടുണ്ട്.
മൊയ്തീന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് പണയം വയ്ക്കാനായി എത്താറുള്ളതെന്നാണ് സ്ത്രീകള്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ബാബു എന്നയാളാണ് മുക്കുപണ്ടം നിര്‍മിച്ചു നല്‍കുന്നതെന്നും പോലീസിന് വ്യക്തമായി. എന്നാല്‍ മൊയ്തീന്‍കുട്ടിയേയും ബാബുവിനേയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതേസമയം ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ മുഖ്യപ്രതിയെ പോലീസ് വിട്ടയച്ചതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണത്തെ വെല്ലും മുക്കുപണ്ടം..!
കോഴിക്കോട്: കണ്ടാല്‍ സ്വര്‍ണം… ഉരച്ചു നോക്കിയാലും സംശയം തോന്നില്ല…! തിരൂര്‍ സ്വദേശിയായ മൊയ്തീന് കുട്ടി ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വയ്ക്കാനായി നല്കുന്ന ആഭരണങ്ങളെല്ലാം ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലുന്നതായിരുന്നു. ഒരിക്കല്‍ പോലും സംശയം തോന്നാത്ത രീതിയിലാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
ആഭരണം മുറിച്ചു നോക്കിയാല്‍ മാത്രമേ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുള്ളൂ. തൃശൂര്‍ സ്വദേശിയാണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതെന്നാണ് പിടിയിലായ സ്ത്രീകളില്‍ നിന്ന് പോലീസിനു ലഭിച്ച വിവരം. അതേസമയം ഇയാളെ കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും പോലീസിന് അറിയില്ല.
ധനകാര്യ സ്ഥാപനങ്ങളിലെത്തുന്ന സ്ത്രീകള്‍ മാന്യമായി പെരുമാറുകയും മറ്റും ചെയ്ത് ജീവനക്കാരുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇതും കൂടുതല്‍ തട്ടിപ്പ് നടത്താന്‍ ഇവര്‍ക്ക് സഹായകമായി. ഒരു സ്ഥാപനത്തില്‍ തന്നെ രണ്ടും മൂന്നും തവണകളിലായി മുക്കുപണ്ടം പണയം വച്ചതായാണ് അറിയുന്നത്.