പയ്യന്നൂർ: കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ മുക്കുപണ്ട പണയ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നു. മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ സുഹൃത്തായി കൂടെ കൂടിയ രണ്ടാം പ്രതി പ്രശാന്തിന്റെ ചതിയാണ് കാരണമെന്ന് സൊസൈറ്റി സെക്രട്ടറി കെ.വി. പ്രദീപൻ. മുക്കുപണ്ടവും അവശേഷിക്കുന്ന സ്വർണവും മാറ്റുന്നതിനായി ലോക്കർ കൊള്ളയടിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന് ശേഷമാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതി തട്ടിപ്പിന് പിന്നിൽ പ്രശാന്തിനുള്ള നിർണായക പങ്ക് വെളിപ്പെടുത്തിയത്.
സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2016 ജനുവരിയിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ പരിശോധന നടത്തിയിരുന്നു. അന്ന് ലോക്കറിലുണ്ടായിരുന്ന മുക്കുപണ്ടങ്ങൾ സ്വർണമാണെന്ന് ഉദ്യോഗസ്ഥരെ തെറ്റി ദ്ധരിപ്പിക്കാൻവേണ്ടി പ്രശാന്താണ് ഒരു അപ്രൈസറെ ഏർപ്പാടാക്കിയതെന്നും ഇതിനായി പത്ത് ലക്ഷം രൂപയാണ് അപ്രൈസർക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇയാൾ സമ്മതിച്ചു.
ഇതിനു ശേഷമാണ് വ്യാപകമായ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നത്. ഇങ്ങനെയെടുത്ത തുകയിൽ നിന്ന് പ്രശാന്ത് പരിചയപ്പെടുത്തിയ ചാണ്ടി കുര്യൻ എന്നയാളുടെ നിലമ്പൂർ ശാഖയിലെ അക്കൗണ്ടിലേക്ക് പയ്യന്നൂർ ആക്സിസ് ബാങ്ക് ശാഖ വഴി ഒരു കോടിയോളം രൂപ അയച്ചുകൊടുത്തു. വൻ ലാഭമുള്ള ബിസിനസ് എന്ന് പറഞ്ഞാണ് പണം നൽകിയത്.
പിന്നീട് പ്രശാന്തിന്റെ സുഹൃത്തായ ഒരു വ്യാപാരിക്ക് അരക്കോടി രൂപയോളവും കൊടുത്തു. തന്നെ പലതും പറഞ്ഞ് പ്രശാന്ത് ചതിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രദീപ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. കസ്റ്റഡി കാലാവധി തീർന്നതിനാൽ പ്രദീപനെ കോടതിയിൽ ഹാജരാക്കി.സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന പ്രശാന്തിനെ പിടികൂടി ചോദ്യം ചെയ്തെങ്കിലേ കേസന്വേഷണത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.