ആലുവ: എടയാറിലെ സ്വർണശുദ്ധീകരണ ശാലയിലേക്കു കൊണ്ടുവന്ന ആറു കോടി വിലമതിക്കുന്ന ഇരുപത്തിയഞ്ചര കിലോ സ്വർണം കവർന്ന സംഭവത്തിൽ ദുരൂഹത. സ്വർണം കൊണ്ടുവന്ന കാറിലുണ്ടായിരുന്നവരെയും സ്വർണം ഏറ്റുവാങ്ങാനിരുന്ന എടയാറിലെ കന്പനി ജീവനക്കാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നത്.
അതേസമയം, പ്രതികളെന്നു സംശയിക്കുന്ന ബൈക്ക് യാത്രികരുടെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി കാമറകളിൽ നിന്നു ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പി രാഹുൽ ആർ.നായരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം രാവിലെ ബിനാനിപുരം സ്റ്റേഷനിൽ എത്തി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
എറണാകുളത്തെ സദനം എന്ന സ്വർണമിടപാട് സ്ഥാപനത്തിൽനിന്നാണ് നാലംഗ സംഘം കാറിൽ സ്വർണം എടയാറിൽ എത്തിച്ചത്. സ്വർണം ശുദ്ധീകരിക്കാൻ ഏൽപ്പിക്കേണ്ട എടയാറിലെ സി.ആർ.ജി മെറ്റലേഴ്സ് എന്ന കന്പനിയുടെ സമീപത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ലുകൾ തകർത്ത അക്രമികൾ ഇരുപത്തിയഞ്ചര കിലോ സ്വർണമടങ്ങിയ പെട്ടി തട്ടിയെടുത്തു. കാറിന്റെ ഡ്രൈവർ സജിക്കും മുൻസീറ്റിലുണ്ടായിരുന്ന നോയൽ എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കാറിനെ പിന്തുടർന്ന ബൈക്കിലെ അക്രമികൾ കന്പനിക്ക് മുന്നിൽ വച്ചാണ് ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് പോലീസും മാധ്യമ പ്രവർത്തകരും കന്പനിയിൽ എത്തിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങളിൽ നിന്നും സി.ആർ.ജി മെറ്റലേഴ്സ് അധികൃതർ മാധ്യമപ്രവർത്തകരെ തടഞ്ഞു.
കാറിലുണ്ടായിരുന്ന സദനം എന്ന സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കവർച്ചക്കാർക്കു സ്വർണം എത്തിക്കുന്നത് സംബന്ധിച്ച് ഇവരിൽ ആരെങ്കിലും നിന്നും വ്യക്തമായ സൂചന ലഭിച്ചു കാണുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിനാനി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.