തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തുനിന്നു മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തത്.
ബന്ധുക്കളും അയൽവാസികളുമായ ഒമ്പത് വീട്ടമ്മമാരാണ് ഇരകൾ. ഇവരിൽനിന്ന് 265 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു.ധർമടം നിയോജക മണ്ഡലത്തിലെ വടക്കുമ്പാട് പ്രദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായത്.
സംഭവത്തിൽ ധർമടം ബ്രണ്ണൻ കോളജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൂക്കോടൻ വീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഫ്സാദി സലീം ഷെയ്ക്ക് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്സാദി സലീം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി രാഷ്ട്രദീപികയ്ക്ക് ലഭിച്ചു.
ക്യുപിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് ഷഫ്സാദി പരാതിയിൽ പറയുന്നു. തട്ടിപ്പിനായി ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സിനിമാ താരങ്ങൾ എന്നിവർ ഉൾപ്പെടെ 35 ഉന്നതരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററും ഇവർ ഉപയോഗിച്ചിരുന്നു.
ഇവരൊക്കെയാണ് കമ്പനിയുടെ പിന്നിലുള്ളതെന്ന് പറഞ്ഞാണ് സംഘം ആളുകളെ സമീപിച്ചത്.ഈ സംഘം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
2022 ജൂൺ 24നാണ് ധർമടത്തെ തട്ടിപ്പ് അരങ്ങേറിയത്. ചൊക്ലി രാമൻ കടത്ത് ഇല്യാസ്, ചെറുവാഞ്ചേരി തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിൽ, ചെണ്ടയാട് സ്വദേശി ജസിൽ, കോട്ടപ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിയിലെ വാഴയിൽ അഫ്സൽ എന്നിവരാണ് തങ്ങളെ സമീപിച്ച് തട്ടിപ്പ് നടത്തിയതെന്നും ഭർത്താവ് അഫ്സൽ വഴിയാണ് സംഘം തങ്ങളെ സമീപിച്ചതെന്നും പരാതിയിൽ പറയുന്നു.