വൈക്കം: പോലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് കളഞ്ഞുകിട്ടിയ രണ്ടേകാൽ പവന്റെ സ്വർണമാല പൊതുപ്രവർത്തകൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
വൈക്കം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ഒരു പരാതിയുമായി ബന്ധപ്പെട്ട് എത്തിയ സിപിഎം പള്ളിപ്രത്തുശേരി ബ്രാഞ്ച് സെക്രട്ടറി തെക്കേമുത്തേടത്തു വേണുഗോപാലിനാണു പൊട്ടിയ നിലയിൽ സ്റ്റേഷൻ വളപ്പിൽനിന്നു മാല ലഭിച്ചത്.
ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച ഗോൾഡ് കവറിംഗ് ആഭരണമാണെന്നു കരുതി ദൂരെ എറിയാൻ തുനിഞ്ഞെങ്കിലും സംശയ നിവാരണത്തിനായി സ്വർണക്കടയിൽ പരിശോധിച്ചപ്പോൾ സ്വർണമാണെന്നു ബോധ്യപ്പെട്ടു. പിന്നീടു പോലീസ് സ്റ്റേഷനിലെത്തിയ വേണുഗോപാൽ പിആർഒ മോഹനനെ മാല ഏൽപ്പിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിനു മാല നഷ്ടപ്പെട്ട വെച്ചൂർ സ്വദേശിനി ലാലി പോലീസ് സ്റ്റേഷനിൽ എത്തി മാല ഏറ്റുവാങ്ങി.