മാനന്തവാടി: രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വർണം പിടികൂടി. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. പൊതു മാർക്കറ്റിൽ 10 കോടി വിലമതിക്കുന്ന സ്വർണമാണ് എക്സൈസ് സംഘം പിടികൂടിയത്. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ബി. സങ്കേഷ്, എം. അഭയ്, ചമ്പാരം, മദന്‍ലാല്‍, വിക്രം, കമലേഷ് എന്നീ ആറുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നാല് ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കോഴിക്കോടുള്ള പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. തുടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇവരെ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
വയനാട് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മായ സി.പി. വിജയന്, എം.കെ. ഗോപി, കെ.ജെ. സന്തോഷ്, കെ.എം. സൈമണ്‍, കെ. രമേഷ് , സിഇഒമാരായ എ.ടി.കെ. രാമചന്ദ്രന്, കെ. മിഥുന്, അജോഷ് വിജയന്, കെ.കെ. സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.