എടത്വ: നഷ്ടപ്പെട്ട സ്വര്ണാഭരണങ്ങള് ഉടമയ്ക്കു കൈമാറി ജല അഥോറിറ്റി ജീവനക്കാര് മാതൃകയായി. എടത്വ ബിഎസ്എന്എല് ഓഫീസ് പടിക്കല് എടത്വ ജല അഥോറിറ്റി ജീവനക്കാരായ രഞ്ജിത്ത്, ഡി.റ്റി. നിഷ, രമ്യ കുര്യന് എന്നിവര്ക്ക് ലഭിച്ച ഏഴരപ്പവന് തൂക്കം വരുന്ന സ്വര്ണാഭരണങ്ങളാണ് മുട്ടാര് ശ്രാമ്പിക്കല് ഫിനാന്സ് ഉടമ ടി.എസ്. ഷിബു ശ്രാമ്പിക്കലിന് കൈമാറിയത്.
ബിഎസ്എന്എല് ഓഫീസില് പ്രവര്ത്തിക്കുന്ന ജല അഥോറിറ്റിയുടെ ഓഫീസില് വെള്ളക്കരം അടയ്ക്കാന് എത്തിയപ്പോഴാണ് റ്റി.എസ്. ഷിബു ശ്രാമ്പിക്കലിന്റെ കൈയി ല് നിന്ന് സ്വര്ണാഭരണം നഷ്ടപ്പെട്ടത്.
വെള്ളക്കരം അടച്ച ഉടമയുടെ മേല്വിലാസത്തില് ജീവനക്കാര് ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വര്ണാഭരണങ്ങള് എടത്വ പോലീസില് ഏല്പ്പിച്ചു.
എടത്വ എസ്എച്ച്ഒ എം. അന്വര്, എസ്ഐ എന്. രാജേഷ്, എഎസ്ഐ പ്രദീപ് കുമാര് എന്നിവരുടെ സാന്നിധ്യത്തില് ജല അഥോറിറ്റി ജീവനക്കാര് ഷിബുവിന് സ്വര്ണാഭരണങ്ങള് കൈമാറി.