കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
കള്ളപ്പണത്തിനെതിരേ ദേശീയതലത്തില്‍ നിലപാടു സ്വീകരിക്കുന്നതിനിടെ കുഴല്‍പ്പണ വിവാദം തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുനരാരംഭിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്.
സ്വര്‍ണക്കടത്തുകേസില്‍ മന്ത്രിസഭയിലേക്കും സെക്രട്ടേറിയറ്റിലും കേന്ദ്രഏജന്‍സികളുടെ അന്വേഷണം എത്തിയതിന്റെ പ്രതികാരമായാണ് കുഴല്‍പ്പണ കേസിലെ നടപടികളെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ദേശീയനേതൃത്വം മുമ്പാകെ വിശദീകരിച്ചത്.
കുഴല്‍പ്പണക്കേസില്‍ നേതൃത്വത്തിലേക്കുള്ള അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിക്ക് സമാനമാണെന്നും സുരേന്ദ്രന് ദേശീയ നേതാക്കളെ അറിയിച്ചു.
പ്രതിസന്ധിയില്‍ നേതൃത്വത്തിനു പിന്തുണയായി മറ്റു നേതാക്കള്‍ ആദ്യഘട്ടത്തില്‍ രംഗത്തെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് അടുത്ത ദിവസങ്ങളിലായി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തിന്റെ പ്രതികാരനടപടിക്കു സ്വന്തം കുടുംബവും ഇരയായെന്നും സുരേന്ദ്രന് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന നേതൃത്വത്തിന്റെ മാത്രം വീഴ്ചയല്ല. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പെന്ഷന് വിതരണത്തിലെ നേട്ടങ്ങളും ന്യൂനപക്ഷ ഏകീകരണവുമെല്ലാം എല്‍ഡിഎഫിന് അനുകൂലമായി മാറി.
സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണ്.
രണ്ടിടത്ത് മത്സരിച്ചതിലൂടെ മറ്റു മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. കേന്ദ്രസഹായങ്ങളും പദ്ധതികളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരണം നടത്താന്‍ പലയിടത്തും പ്രാദേശിക നേതൃത്വം പരാജയപ്പെട്ടെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടും സുരേന്ദ്രന് നേതൃത്വം മുമ്പാകെ സമര്‍പ്പിച്ചതായാണ് വിവരം.