നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 58 ലക്ഷം രൂപ വില വരും.
എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 750 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്നും 250 ഗ്രാം സ്വർണം പിടികൂടി. തങ്ക വളകളാക്കി ഇവർ കാലിലും കൈയിലും ധരിച്ച ശേഷം അതിനു മുകളിൽ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി 750 ഗ്രാം സ്വർണമാണ് പാന്റ്സിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്റി്സിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നത്.
ആദ്യ രണ്ട് കേസുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഒരു കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവുമാണ് പിടികൂടിയത്. ഇന്ന് പിടിയിലായ മൂന്ന് പേരും കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയവരാണ്.
മുൻപ് മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണക്കടത്തുമായി തുടർച്ചയായി പിടിയിലായിരുന്നത്. എന്നാൽ ഇപ്പോൾ തൃശൂർ, എറണാകുളം സ്വദേശികളും കാരിയർമാരായി രംഗത്ത് വന്നതായാണ് വിവരം. വനിതകളെയും കൂടുതലായി ഉപയോഗിക്കുന്നതായി കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ട്.
ദുബായിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് വരാതെ ക്വാലാലംപൂർ വഴി എത്തുന്നതും കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാനാണ്. ക്വാലാലംപൂരിൽ നിന്നും വരുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് വിഭാഗം കാര്യമായ പരിശോധനകൾക്ക് വിധേയമാക്കാറില്ല.