തലശേരി: കാറിന്റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ തലശേരിയിൽ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക്.
സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകംടാക്സ് ഉദ്യാഗസ്ഥരും വിശദമായ അന്വഷണത്തിനായി തലശേരിയിലെത്തും. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണനാണ് (22)രേഖകളില്ലാത്ത പണവുമായി വലയിലായത്.
പത്ത് കോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തുനിന്നു തുടങ്ങുന്ന അറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ലാറ്റ് ഫോമിൽ നിന്നും ഒരടി ഉയരത്തിലാണ് അറ നിർമിച്ചിട്ടുള്ളത്.
അറയ്ക്ക് പ്രത്യേക തരം പൂട്ടുമുണ്ട്. തലശേരി സിഐ എം. അനിലിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ദീപ്തി, സജേഷ്, മിഥുൻ എന്നിവർ നടത്തിയ സിനിമ സ്റ്റൈൽ ചെയ്സിംഗിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള കുഴപ്പണ മാഫിയ സംഘത്തിലെ കണ്ണി വലയിലായത്.
രാത്രിയിൽ നഗരത്തിൽ വാഹന പരിശോധനക്കിടയിലാണ് കാറ് പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. പോലീസിനെ കണ്ട ഉടൻ രക്ഷപ്പെടാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ എരഞ്ഞോളി പാലത്തിന് സമീപത്തെ വർക്ക് ഷോപ്പിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്.
500- 200 ന്റെ നോട്ടു കെട്ടുകളാണ് പിടികൂടിയത്. കാറിൽ കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.കാസർഗോഡ് കിലായികോട് സ്വദേശി പള്ളിക്കൽ ഹൗസിൽ വലിയപുരയിൽ ബിപാത്തുമ്മ ബഷീർ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.