ബോബി ചെമ്മണ്ണൂർ തന്റെ റോൾസ് റോയ്സ് കാറിൽ കുമരകത്ത് എത്തിയത് കണ്ട അദ്ദേഹത്തിന്റെ ആരാധകൻകൂടിയായ ചാലുങ്കൽ ഫിലിപ്പിന് അന്നു തുടങ്ങിയതാണ് സ്വർണ നിറത്തിലുള്ള വാഹനത്തോടുള്ള മോഹം.
കേവലം പെയിന്റിംഗ് തൊഴിലാളിയായ തനിക്ക് 14 കോടി രൂപയുടെ കാർ വാങ്ങുന്നത് അസാധ്യമാണെന്നുള്ള തിരിച്ചറിവിൽ സ്വർണനിറത്തിലുള്ള ഒരു സൈക്കിളെങ്കിലും സ്വന്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.
പലയിടങ്ങളിലും അന്വേഷിച്ചിട്ടും മനസിനിണങ്ങിയ നിറത്തിലുള്ള സൈക്കിൾ ലഭിച്ചില്ല. ഇതോടെ തന്റെ പഴയ സൈക്കിൾ പൊടി തട്ടിയെടുത്ത് സ്വർണനിറം പൂശി തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഗ്രാമീണ റോഡുകളിലൂടെ പോകുന്ന ഫിലിപ്പിനെ നാട്ടുകാർ കൗതുകത്തോടെയാണു വീക്ഷിക്കുന്നത്.
സുഹൃത്തുക്കൾ സ്വർണ സൈക്കിൾ യാത്രയുടെ രഹസ്യം ആരാഞ്ഞപ്പോഴാണ് ബോബി ചെമ്മണ്ണൂരിനോടുള്ള തന്റെ ആരാധനയാണ് ഇതിന്റെ പിന്നിലെന്നു വെളിപ്പെടുത്തിയത്.