ഒ. പനീര്‍ശെല്‍വത്തെ താഴെവീഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ശശികല നടരാജന് ചെലവാക്കിയത് കോടികളെന്ന് റിപ്പോര്‍ട്ട്. എംഎല്‍എമാരെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ റിസോര്‍ട്ടിലാണ് മുറിയെടുത്തിരിക്കുന്നത്. ഒരാഴ്ചയായി എഐഎഡിഎംകെ എംഎല്‍എമാരെ ഈ റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മുന്‍നിര ആഡംബര റിസോര്‍ട്ട് ആണ് ഗോള്‍ഡന്‍ ബേ. 100ല്‍ അധികം എംഎല്‍എമാര്‍ അടക്കം 200ഓളം പേരാണ് റിസോര്‍ട്ടിലെ താമസക്കാര്‍. താമസത്തിനു മാത്രം ഒരാഴ്ചത്തേക്ക് ചെലവായത് 25 ലക്ഷം രൂപയാണ്. മുറി വാടകയ്ക്കു മാത്രമാണ് ഈ തുക. ഭക്ഷണത്തിനും മറ്റുമുള്ള ചെലവുകള്‍ വേറെ വരും. അതേസമയം, റൂം വാടകയുള്പ്പെടെയുള്ളവയ്ക്ക് പണം മുടക്കുന്നത് ചെന്നൈയിലെ ക്വാറി, ഖനി മാഫിയയാണെന്നാണ് സൂചന. ഇത്തരക്കാരുമായി ശശികലയ്ക്ക് അടുത്ത ബന്ധമാണുള്ളത്.
ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ഏറ്റവും മുന്തിയ റൂമുകളാണ് എംഎല്‍എമാര്‍ക്കായി ഒരുക്കിയത്. മൂന്നു വ്യത്യസ്ത തരത്തില്‍ 60 മുറികളാണ് റിസോര്‍ട്ടില്‍ ബുക്ക് ചെയ്തത്. ട്രാന്‍ക്വില്‍, ബേ വ്യൂ, പാരഡൈസ് സ്യൂട്ട് എന്നീ റൂമുകളാണ് ബുക്ക് ചെയ്തത്. ഓരോ റൂമിനും വാടക ഇനത്തില്‍ മാത്രം 7,000 രൂപ ഇളവാണ് അനുവദിച്ചിട്ടുള്ളത്. ട്രാന്‍ക്വില്‍ സ്യൂട്ടുകള്‍ക്ക് ഒരെണ്ണത്തിനു ഒരു ദിവസം 5,500 രൂപയാണ് വാടക. ബേ വ്യൂ സ്യൂട്ടിലെ റൂമുകള്‍ക്ക് 6,600 രൂപയും വാടക വരും. പാരഡൈസ് സ്യൂട്ടില്‍ റൂം വാടക 9,900 രൂപയാണ്.
റൂമിലെ വാടക മാത്രമാണ് 25 ലക്ഷം രൂപ. ഭക്ഷണത്തിനും മറ്റുമായി ചെലവാക്കേണ്ടത് വേറെയാണ്. 100ലധികം എംഎല്‍എമാര്‍ക്കൊപ്പം ഇവരുടെ സഹായികളും ഉള്‍പ്പെടെ മറ്റൊരു 200 പേര് കൂടി റിസോര്‍ട്ടില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, മദ്യം എന്നിവയ്ക്കും ലക്ഷങ്ങള്‍ വേണ്ടിവരും. റിസോര്‍ട്ടിനു പുറത്ത് വലിയ ഗുണ്ടാപ്പടയും ഒരുക്കിയിട്ടുണ്ട്. എല്ലാ രാത്രിയും എംഎല്‍എമാര്‍ക്കായി വിനോദപരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ടായിരുന്നു. ശശികലയെ കോടതി ശിക്ഷിച്ചതോടെ റിസോര്‍ട്ടിലെ എംഎല്‍എമാരുടെ താമസം എങ്ങനെയാകുമെന്ന് കണ്ടറിയണം.