വമ്പന്‍ കമ്പനികളും ശാസ്ത്രലോകവും മാത്രം ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളെ ജനകീയമാക്കിയ മൈക്രോസോഫ്റ്റിന് 50 വയസ്. അതിസങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെ നിയന്ത്രിച്ചിരുന്ന കംപ്യൂട്ടറുകളെ എല്ലാവർക്കും ഉപയോഗിക്കാൻ പ്രാപ്തമാക്കിയ മൈക്രോസോഫ്റ്റ് കന്പനിയുടെ തുടക്കം 1975ലായിരുന്നു. സുഹൃത്തുക്കളായ ബില്‍ ഗേറ്റ്സും പോള്‍ അലനും ചേർന്നു രൂപപ്പെടുത്തിയ പ്രോഗ്രാമുകളിലൂടെ ലോകജനത സ്വയം കംപ്യൂട്ടർ സാക്ഷരരാകുകയായിരുന്നു.
മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് ഇന്നലെ നടന്ന വാർഷികാഘോഷങ്ങൾക്കിടെ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം ആഘോഷത്തിന്റെ ശോഭ കെടുത്തി. ഇസ്രയേലിനു മൈക്രോസോഫ്റ്റ് സഹായം നൽകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ സംസാരിക്കവേ ഇബ്തിഹാൽ അബൗസദ് എന്ന ജീവനക്കാരി എഴുന്നേറ്റ് “താങ്കളെക്കുറിച്ചോർക്കുന്പോൾ ലജ്ജ തോന്നുന്നു’’ എന്ന് ഉറക്കെപ്പറഞ്ഞു.
എഐ ആയുധങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ പ്രദേശത്തു നിങ്ങൾ വംശഹത്യ നടത്തുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. ഉടനടി ഇവരെ പുറത്താക്കിയെങ്കിലും തൂവാല വേദിയിലേക്കു വലിച്ചെറിഞ്ഞിട്ടാണ് അവർ പോയത്. “പ്രതിഷേധത്തിനു നന്ദിയെന്നും താങ്കളുടെ ശബ്ദം ഞാൻ കേൾക്കുന്നു’’ എന്നും അദ്ദേഹം മറുപടി നൽകിയെങ്കിലും “കന്പനിയുടെ കൈകളിൽ രക്തമുണ്ട്’’ എന്ന് ജീവനക്കാരി വിളിച്ചുപറഞ്ഞു.
പിന്നീട് മൈക്രോസോഫ്റ്റിലെ മൂന്ന് വന്പന്മാരായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൾമർ, സത്യ നദെല്ല എന്നിവർ പങ്കെടുത്ത മറ്റൊരു സമ്മേളനത്തിലും പ്രതിഷേധമുണ്ടായി. വണിയ ആഗ്രവാൾ എന്ന ജീവനക്കാരി സമാനമായ ആരോപണങ്ങളുമായി മേധാവികൾക്കെതിരേ ആക്രോശിക്കുകയായിരുന്നു. തങ്ങളുടെ ജീവനക്കാർക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാൻ കന്പനി എന്നും പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും എന്നാൽ അതു പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന തരത്തിലാകരുതെന്നും മൈക്രോസോഫ്റ്റ് പിന്നീട് പുറത്തിറങ്ങിയ പ്രസ്താവനയിൽ അറിയിച്ചു.