കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. വിമാനത്താവളം വഴി കടത്തിയ സ്വർണം തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിൽ വിറ്റതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം.
സ്വര്‍ണവ്യാപാരം നടത്തിയ മൂന്ന് ഏജന്റുമാരെ തമിഴ്നാട് ട്രിച്ചിയില്‍നിന്ന് എന്‍ഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു.
സ്വര്‍ണം വില്‍ക്കാനും സ്വര്‍ണക്കടത്തിനു നിക്ഷേപകരെ കണ്ടെത്താനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണവ്യാപാരികളുമായി ഏജന്റുമാര്‍ ബന്ധപ്പെട്ടുവെന്നു സൂചന ലഭിച്ചിരുന്നു.
നേരത്തേ തിരുച്ചിറപ്പള്ളിയിലെ രണ്ടു സ്വര്‍ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. അവിടെയുള്ള ഒരു ജ്വല്ലറി ഉടമയുൾപ്പെടെ അഞ്ചു പേരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. തമിഴ്നാടിനു പുറമേ കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുമെന്നാണു സൂചനകൾ. റമീസിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണു അന്വേഷണം നീങ്ങുന്നത്.
റമീസിന്റെ മൊഴി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കുന്നതാണെന്നും സൂചനയുണ്ട്. സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരൊഴികെ മറ്റു പ്രതികളെ അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്കു വിരുദ്ധമായ വിവരങ്ങളാണു റമീസില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചത്.
റമീസിനു ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നുവെന്ന തെളിവുകള്‍ ലഭിച്ചതായാണു സൂചന. കോവിഡ് 19 കാലത്തു പോലും സ്വര്‍ണക്കടത്തു നടത്താന്‍ പ്രേരണ നല്കിയതു റമീസാണ്.
ഇയാള്‍ക്കു തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷം ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം.
മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്കാന് എന്‍ഐഎ തയാറായിട്ടില്ല. ശിവശങ്കറിനെതിരേ കസ്റ്റംസിനു മൊഴി നല്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും എന്‍ഐഎ ചോദ്യം ചെയ്യും.