ലക്നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ 3600 ടൺ സ്വർണം കണ്ടെത്തി. സോനെ പഹാഡി, ഹാർദി ഗ്രാമങ്ങളിലാണു സ്വർണം കണ്ടെത്തിയതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, യുപി ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആൻഡ് മൈനിംഗ് എന്നിവ അറിയിച്ചു.
സോനെ പഹാഡിയിൽ 2943.26 ടൺ സ്വർണവും ഹാർദി ബ്ലോക്കിൽ 646.15 കിലോ സ്വർണവുമാണു കണ്ടെത്തിയത്. 12 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണിത്.
രണ്ടു ഭാഗങ്ങളിലായാണു സോൻഭദ്രയിലെ സ്വർണനിക്ഷേപമുള്ളതെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന പൃഥ്വി മിശ്ര പറഞ്ഞു.
ഒരു കിലോമീറ്റർ നീളത്തിലും 18 മീറ്റർ ഉയരത്തിലും 15 മീറ്റർ വീതിയിലുള്ള സ്വർണപ്പാറ സോൻഭദ്രയിലുണ്ടെന്ന് 2011ൽ വിരമിച്ച വേളയിൽ മിശ്ര അവകാശപ്പെട്ടിരുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കുള്ളത് 626 ടൺ സ്വർണ നിക്ഷേപമാണ്. അതായത് നിലവിലുള്ള നിക്ഷേപത്തിന്റെ ആറിരട്ടിയോളമാണു സോൻഭദ്രയിൽ കണ്ടെത്തിയിരിക്കുന്നത്.
സ്വർണഖനനത്തിനു വിവിധ ഭാഗങ്ങളായി തിരിക്കുന്നതിനു യുപി സർക്കാർ നടപടികളാരംഭിച്ചു. ഇ-ടെൻഡർ വഴി ബ്ലോക്കുകൾ ലേലം ചെയ്യുന്നതിനു യുപി സർക്കാർ ഏഴംഗ സംഘം രൂപവത്കരിച്ചു.
സ്വർണം കണ്ടെത്തിയ മേഖല ജിയോ-ടാഗിംഗ് നടത്തി ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടറേറ്റിന് ഇന്ന് റിപ്പോർട്ട് നല്‍കും. സോൻഭദ്രയിൽ സ്വർണനിക്ഷേപം കണ്ടെത്താനുള്ള ജോലികൾ 1992-93ൽ സെൻട്രൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
സോൻഭദ്രയിലെ സ്വർണനിക്ഷേപം കണ്ടെത്താൻ ബ്രിട്ടീഷുകാരാണ് ആദ്യം ശ്രമമാരംഭിച്ചത്. 3600 ടണ്‍ സ്വർണം ഇന്ത്യയുടെ നിക്ഷേപത്തിലേക്കു ചേരുകയാണെങ്കിൽ സ്വർണനിക്ഷേപത്തിൽ ഇന്ത്യ ജർമനിയെ പിന്തള്ളി രണ്ടാം സ്ഥാനത്താകും.
8133 ടണ്‍ സ്വർണ നിക്ഷേപമുള്ള അമേരിക്കയാണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ളത്. ജർമനിക്ക് 3366 ടണ്‍ സ്വർണമുണ്ട്.