കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിൽ പരിശോധനകൾ കാത്ത് ബാഗേജുകൾ കെട്ടിക്കിടക്കുന്നു. യാത്രക്കാരില്ലാതെ ഗൾഫിൽ നിന്ന് അണ് അക്കബനീഡ് ബാഗേജായി കാർഗോ വഴി എത്തിച്ച ബാഗേജുകളാണ് മാസങ്ങളായി കാർഗോയിൽ കെട്ടിക്കിടക്കുന്നത്.
രണ്ടര മാസം മുന്പ് ഇതോടൊപ്പം എത്തിയ ചില ബാഗേജുകൾ പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഹാളിൽ എത്തിച്ചായിരുന്നു ബാഗുകൾ പരിശോധിച്ചത്.
രണ്ടു ബാഗിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇതോടെയാണ് പരിശോധനകൾ നടത്താതെ കാർഗോ വിട്ടു നൽകേണ്ടെന്ന് കസ്റ്റംസ് തീരുമാനിച്ചത്.
വ്യവസായ വകുപ്പിനു കീഴിൽ കേരള സ്റ്റേറ്റ് ഇൻസ്ട്രിയൽ എന്റർപ്രൈസസിന് (കെഎസ്ഐഇ) കീഴിലാണ് കരിപ്പൂർ എയർകാർഗോ കോംപ്ലസ് പ്രവർത്തിക്കുന്നത്. ഇവിടെ സ്വർണമടക്കം ഒളിപ്പിച്ച് കടത്തുന്നത് പരിശോധിക്കാനുള്ള എകസ്റെ മെഷിൻ തകരാറിലായിട്ട് മാസങ്ങളായി.
കോവിഡ് 19നെ തുടർന്ന് മാർച്ച് മാസത്തിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഈ സമയം വരെ കാർഗോയിൽ ബാഗേജുകൾ എത്തിയിട്ടുണ്ട്. എന്നാൽ പരിശോധന യന്ത്രം തകരാറിലായതോടെ ബാഗേജുകൾ വിട്ടുകൊടുക്കാനായിട്ടില്ല.
എക്സറേ മെഷിൻ തകരാറിലായത് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച തർക്കം കെഎസ്ഐഇയും കസ്റ്റംസും തമ്മിലുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പുതിയ എക്സറേ മെഷിൻ ഉടൻ സ്ഥാപിക്കണമെന്ന് കെഎസ്ഐഇയോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി.
എന്നാൽ മെഷിൻ കസ്റ്റംസ് സ്ഥാപിക്കണമെന്ന ആവശ്യമാണ് കാർഗോ കോംപ്ലക്സ് ഉന്നയിക്കുന്നത്. ഇരുവരുടെയും തർക്കത്തിൽ ബാഗേജുകൾ കിട്ടാതെ കാർഗോ അയച്ച യാത്രക്കാരും ദുരിതത്തിലാകുന്നു.
കഴിഞ്ഞ നവംബറിലാണ് മെഷിൻ തകരാറിലായത്. ഇതിനു മുന്പുളള പരിശോധനയിലും, കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച് നടത്തിയ പരിശോധനയിലുമാണ് സ്വർണക്കടത്ത് കണ്ടെത്തിയിരുന്നത്.
ഇതോടെയാണ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്. എക്സറേ പരിശോധനക്ക് ആവശ്യമായ സാഹചര്യം ഒരുക്കിയിട്ടില്ലെങ്കിൽ കെഎസ്ഐഇയുടെ ലൈസൻസ് അടക്കം റദ്ദാക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതലുളള 80 ബാഗേജുകളാണ് കാർഗോയിൽ കെട്ടിക്കിടക്കുന്നത്. യാത്രക്കാർ എത്തിച്ച വസ്ത്രങ്ങൾ, ശീതള പാനീയങ്ങൾ, മിഠായികൾ തുടങ്ങിയവ അടക്കം ഇതിലുണ്ട്.
മാസങ്ങളായി കാർഗോ കെട്ടിടത്തിൽ കെട്ടിക്കിടക്കുന്ന ഇവ ഉപയോഗയോഗ്യമല്ലാതെയാകുമെന്ന സന്ദേഹം യാത്രക്കാർക്കുമുണ്ട്. ഗൾഫിലേക്ക് വിമാന സർവീസുകൾ ഇല്ലാതായതോടെയാണ് കാർഗോയിൽ ചരക്കുകളുടെ വരവ് കുറഞ്ഞത്.സർവീസുകൾ ആരംഭിച്ചാൽ ബാഗേജുകൾ എത്തിക്കൊണ്ടിരിക്കും. ഇതോടെ പരിശോധനകളും പ്രതിസന്ധിയിലാകും.