സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ദുബായ്യില്‍നിന്നു കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയായ യുവാവ് മലപ്പുറം പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയില്‍നിന്നാണ് സ്വര്‍ണക്കടത്തിന്റെ മറ്റൊരു രൂപം പുറത്തുവന്നത്.
കസ്റ്റംസിന്റെ കണ്ണു വെട്ടിച്ചു സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന സംഘം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ഇവരായിരിക്കാം സ്വർണം ഏറ്റുവാങ്ങാനെത്തിയവരെന്നു കരുതി യുവാവ് ഇവർക്കു സ്വർണം കൈമാറി. ഇതോടെ ഇവർ ഇയാളെ രാമനാട്ടുകര അറപ്പുഴ പാലത്തില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
തൊട്ടുപിന്നാലെ എത്തിയ മറ്റൊരു സംഘം യുവാവിനെ വണ്ടിയിൽ കയറ്റി കര്‍ണാടകയിലേക്കു നീങ്ങി. കടത്തിക്കൊണ്ടുവന്ന സ്വര്‍ണമാണ് ഈ സംഘവും ആവശ്യപ്പെട്ടത്.
കൊടിയ പീഡനമായിരുന്നു പിന്നീട്. ജീവന് മാത്രം ബാക്കിവച്ച് ഇവര്‍ യുവാവിനെ വിട്ടയച്ചു. യുവാവിനെ ആദ്യം തട്ടിക്കൊണ്ടുപോയതു കള്ളക്കടത്ത് തട്ടി എടുക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘമായിരുന്നു. രണ്ടാമത് തട്ടിക്കൊണ്ടുപോയ സംഘത്തിനു വേണ്ടിയാണ് യുവാവ് സ്വര്‍ണം എത്തിച്ചത്.
സ്വര്‍ണക്കടത്തിലെ പുതിയ ക്വട്ടേഷന്‍ പോലീസ് അന്വേഷണ പരിധിയില്‍ വന്ന ആദ്യ സംഭവമാണിത്. വിമാനത്താവളം വഴി അനധികൃതമായി കടത്തുന്ന സ്വര്‍ണത്തിന്റെ പേരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോകുന്ന അഞ്ച് സംഭവങ്ങളാണ് ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം കരിപ്പൂര്‍, കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലുണ്ടായത്.
ഈ കേസുകളില്‍ 10 ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണവുമായി എത്തുന്ന കരിയര്‍മാരെ യഥാര്‍ഥ ഉടമകളെത്തും മുമ്പ് തന്നെ വിമാനത്താവളത്തില്‍ വച്ചു തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരുന്നതിനാണ് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
ഗള്‍ഫില്‍ സ്വര്‍ണക്കടത്തിനു ചുക്കാന്‍ പിടിക്കുന്നവരില്നിന്നു തന്നെയാണ് ഇത്തരം ഒറ്റിക്കൊടുക്കലിലൂടെ സ്വര്‍ണം തട്ടിയെടുക്കല്‍ സംഭവങ്ങള്‍ അരങ്ങേറുന്നത്.
സ്വര്‍ണവുമായി ഗള്‍ഫില്‍നിന്നു വിമാനം കയറുന്ന യാത്രക്കാരനെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ കൂടെയുളളവര്‍ തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒറ്റിക്കൊടുക്കുന്നു. ഇതനുസരിച്ചാണ് സംഘം കാരിയർമാരെ തട്ടിക്കൊണ്ടു പോകുന്നത്.
സ്വര്‍ണത്തിന്റെ പേരില്‍ നിരപരാധികളേയും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പണവും ബാഗും കവര്‍ന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട് .കരിപ്പൂരില്‍നിന്ന് ഓട്ടോറിക്ഷയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്കു പോവുകയായിരുന്ന മൂന്നു യാത്രക്കാരെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ വച്ചാണ് ആക്രമിച്ചത്.
ക്രൂയിസര്‍ വാഹനത്തിലെത്തിയ പ്രതികള്‍ ഓട്ടോയ്ക്കു കുറുകെ വാഹനം നിര്‍ത്തി മൂവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് സ്വര്‍ണക്കടത്ത് പ്രതികളല്ലെന്നു സംഘത്തിനു ബോധ്യമായത്.ഇതോടെ ഇവരുടെ കയ്യിലെ ബാഗും എടിഎം കാര്‍ഡും കവര്‍ന്നു സംഘം കടന്നു കളഞ്ഞു.
സ്വര്‍ണ കാരിയര്മാരെക്കുറിച്ചു നല്കിയ വിവരത്തിൽ വന്ന പാളിച്ചയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ നിരപരാധികളെ ആക്രമിക്കാനിടയായത്.