കോട്ടയം: കോടിമത സഹകരണ ബാങ്കിൽ നിന്നും ഒരു കിലോഗ്രാം സ്വർണം കാണാതായ സംഭവത്തിൽ വിജിലൻസ് സംഘം പുനരന്വേഷണം തുടങ്ങി.
ബാങ്കിലെ ജീവനക്കാരി തന്നെയാണ് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ വ്യാജ ഇടപാടിലൂടെ തട്ടിയെടുത്തതെന്നാണ് വിജിലൻസിനു ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചിരുന്ന സ്വർണത്തിൽ നിന്നാണ് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കാണാതായത്.
2016 ൽ ബാങ്കിൽ നിന്നും 87 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് വിജിലൻസ് സംഘം ഈ സ്വർണ്ണത്തട്ടിപ്പും കണ്ടെത്തിയത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ജീവനക്കാരിയെ ചോദ്യം ചെയ്തതോടെയാണ് ഒരു കിലോഗ്രാം സ്വർണം തട്ടിയെടുത്തതായി കണ്ടെത്തിയത്.
തട്ടിയെടുത്ത സ്വർണം പണയം വച്ചു ലഭിച്ച പണം മുഴുവനും ഇവർ വീടുവാങ്ങുന്നതിനും, ആഡംബരകാർ വാങ്ങുന്നതിനുമാണ് ഉപയോഗിച്ചതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങൾ കൂടുതൽ നടപടികളിലേക്ക് വിജിലൻസ് സംഘം കടന്നേക്കും.