തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സംശയത്തിന്റെ നിഴലിലായതു സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.
പ്രതിപക്ഷം കൊണ്ടുവന്ന സ്പ്രിങ്ക്ളർ അടക്കമുള്ള മറ്റ് അഴിമതിയാരോപണങ്ങൾ പോലെയല്ല ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയർന്നുവന്നിരിക്കുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള പുതിയ ആരോപണം.
സർക്കാരിനെതിരേ ഇതുവരെ വന്നിട്ടുള്ള അഴിമതി ആരോപണങ്ങളുടെയെല്ലാം വിരൽ ചൂണ്ടിയത് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരേയാണ്. സ്വർണക്കടത്തു കേസിലും സംസ്ഥാന ഭരണത്തലവന്റെ ഓഫീസിനു ബന്ധമുണ്ടെന്ന സൂചന വന്നതോടെ സിപിഎം കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്.
കോവിഡ് പ്രതിരോധത്തിലൂടെ ഇടതു സർക്കാരിനു ലഭിച്ച നല്ല പ്രതിച്ഛായയ്ക്കു സ്വർണക്കടത്തു കേസ് മങ്ങലേൽപ്പിച്ചുവെന്ന നിഗമനമാണു സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കുള്ളത്.
കേസിൽ ഒരു സ്ത്രീ മുഖ്യ ആസൂത്രകയായതും അവർക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള ബന്ധവുമാണു സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ പതനത്തിനുതന്നെ വഴിതെളിച്ച സോളാർ കേസിന്റെ പിന്നിലും ഒരു സ്ത്രീയായിരുന്നു കേന്ദ്ര കഥാപാത്രം.
രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ച സോളാർ കേസിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ആരോപണവിധേയരായി. അന്നു പ്രതിപക്ഷമെന്ന നിലയിൽ സിപിഎം സർക്കാരിനെതിരേ മുഖ്യ രാഷ്ട്രീയ പ്രചാരണായുധമാക്കിയതും സോളാർ കേസ് തന്നെയായിരുന്നു.
മുഖ്യമന്ത്രിക്കു സംഭവത്തിൽ നേരിട്ടു ബന്ധമുണ്ടെന്ന ഗുരുതരമായ രാഷ്ട്രീയ ആരോപണമാണു യുഡിഎഫും ബിജെപിയും ഒരുപോലെ ഉന്നയിക്കുന്നത്.
ഇതിനു മുഖ്യതെളിവായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് എം. ശിവശങ്കറിനു മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പമാണ്. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ ആരോപണ വിധേയയെ ഐടി വകുപ്പിൽ നിയമിക്കില്ലെന്നും അവർ പറയുന്നു.
കേസ് സമഗ്രമായി അന്വേഷിക്കണമെന്നും തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നുമൊക്കെ സിപിഎം പറയുന്നുണ്ടെങ്കിലും വിശദീകരണവുമായി എത്തുന്ന പാർട്ടി നേതാക്കളുടെ നെഞ്ചിൽ തീയാണ്. സ്വർണക്കടത്തു കേസ് ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുത്താൽ അതു രാഷ്ട്രീയമായി പാർട്ടിക്കും ഇടതുപക്ഷത്തിനും വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഉത്കണ്ഠയും സിപിഎമ്മിനുണ്ട്.
കോണ്ഗ്രസും ബിജെപിയും സിബിഐയോ എൻഐഎയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയെന്നും വിവാദത്തിൽ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ യാതൊരു പങ്കുമില്ലെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമാണു സിപിഎം നേതാക്കൾ നടത്തുന്നത്.
സ്പ്രിങ്ക്ളർ വിവാദമുണ്ടായപ്പോൾ ഐടി സെക്രട്ടറിയെ മാറ്റി പ്രതിഷ്ഠിക്കണമെന്ന അഭിപ്രായം സിപിഎം സെക്രട്ടേറിയറ്റിൽ ഉണ്ടായതാണ്. എന്നാൽ ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയൻ സ്വീകരിച്ചത്.
എം. പ്രേംകുമാർ