സ്വന്തം ലേഖകൻ
കൊണ്ടോട്ടി: വിമാനത്തിലെ സീറ്റിനടിയിലും ശുചിമുറിയിലും സ്വർണം ഒളിപ്പിക്കാൻ വിദേശത്ത് നിന്നുളള യാത്രക്കാരൻ. അത് പുറത്തിറക്കി കൊണ്ടുവരാൻ ആഭ്യന്തര യാത്രക്കാരൻ. സ്വർണക്കടത്തിന്റെ പുതിയ മറ്റൊരു മുഖമാണ് ട്രാൻസിറ്റ് കളളക്കടത്ത്.
അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമാണ് കസ്റ്റംസ് പരിശോധനയുളളത്. ആഭ്യന്തര യാത്രക്കാർക്ക് കർശന പരിശോധനകളില്ല. ഇത് മുതലെടുത്താണ് കളളക്കടത്ത് സുഖകരമായി പുറത്തെത്തിക്കുന്നത്.
ഇതിനായി ഗൾഫിൽ നിന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനമാണ് കളളക്കടത്തുകാർ പ്രയോജനപ്പെടുത്തുക. ദുബായിൽ നിന്ന് മുംബൈ വഴി കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കുളള വിമാനങ്ങളിലാണ് ഇത്തരം കളളക്കടത്ത് കൂടുതൽ പിടിക്കപ്പെട്ടത്.
ദുബായിൽ നിന്ന് മുംബൈ വഴി കേരളത്തിലേക്കുളള വിമാനത്തിൽ സ്വർണവുമായി കയറുന്ന കളളക്കടത്ത് കരിയർ യാത്രക്കിടെ വിമാനത്തിന്റെ സീറ്റിനടിയിലും ശുചിമുറിയിലുമായി സ്വർണം ഒളിപ്പിക്കും.
ഇയാൾ പിന്നീട് മുബൈയിൽ ഇറങ്ങും. ഇതോടെ കരിയർ തന്റെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തെത്തുന്പോൾ പിന്നീട് ഇതെ വിമാനത്തിൽ കേരളത്തിലേക്ക് കയറും.
ഈ യാത്രക്കാരന് സ്വർണം ഒളിപ്പിച്ച സ്ഥലം കൃത്യമായ വിവരം നൽകിയിട്ടിണ്ടാവും. ഇയാൾ സ്വർണം കൈക്കലാക്കി സങ്കോചമില്ലാതെ കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ഇറങ്ങും. ഇയാൾ മുബൈയിൽ നിന്നാണ് വരുന്നത് എന്നതിനാൽ കസ്റ്റംസ് പരിശോധനകൾ കുറവാണ്.
കോടികളുടെ സ്വർണക്കടത്താണ് ഈ രീതിയിൽ കേരളത്തിലേക്ക് ഒഴുകിയിട്ടുളളത്. നിരവധി തവണ ഇത്തരം സ്വർണം രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടിക്കപ്പെട്ടിട്ടുമുണ്ട്. സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രമായ ദുബൈയിൽ നിന്ന് തനി തങ്കമായാണ്(24 കാരറ്റ് സ്വർണം) കളളക്കടത്തുകാർ കൊണ്ടുവരുന്നത്.
സ്വർണ ബിസ്ക്കറ്റുകളായാലും കട്ടികളായാലും പൊടിച്ചു കുഴന്പ് രൂപത്തിലായാലും നൂറ് ശതമാനം സ്വർണമാണ് കൊണ്ടുവരുന്നത്. ദുബൈയിൽ സ്വർണത്തിന് നികുതിയില്ലാത്തതിനാൽ ഇത് എളുപ്പത്തിൽ കൊണ്ടുവരാൻ സാധിക്കും.
എന്നാൽ ഇന്ത്യയിൽ സ്വർണത്തിന് നികുതി നൽകണം. ഒരു ഉപഭോക്താവ് ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങിയാൽ 3,000 രൂപയാണ് നികുതി നൽകുന്നത്.
എന്നാൽ കിലോക്കണക്കിനു സ്വർണം കടത്തുക വഴി ഇറക്കുമതി ചെയ്യുന്നതിലൂടെ വൻലാഭമാണ് ലഭ്യമാവുക. കൃത്യമായി നികുതി നൽകി നിയമപരമായി സ്വർണം കൊണ്ടുവരുന്ന പ്രമുഖ ജ്വല്ലറികൾ കേരളത്തിലുണ്ട്.
എന്നാൽ ഇവർ തന്നെ പലപ്പോഴും കള്ളക്കടത്ത് സ്വർണവും സ്വീകരിക്കുന്നു. സ്വർണം യഥേഷ്ടം ലഭിക്കുന്നതിനിലാണ് ഗ്രാമങ്ങളിലെ ചെറിയ ജ്വല്ലറികളിൽ പോലും സ്വർണാഭരണങ്ങൾ വേണ്ടുവോളം ലഭിക്കുന്നത്.