സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കർണാടക ദക്ഷിണ കാനറ സ്വദേശി അബ്ദുൾ നാസർ ഷംസാദ് വിസിറ്റിംഗ് വീസയിൽ ദുബായിൽനിന്നു മടങ്ങിയത് ഏറെ പ്രതീക്ഷയോടെയായിരുന്നു. കരിപ്പൂരിലെത്തി കോഴിക്കോട്ടുനിന്നു ട്രെയിൻ മാർഗം നാട്ടിലേക്കു മടങ്ങാനായിരുന്നു തീരുമാനം.
കരിപ്പൂരിലിറങ്ങിയതു പുലർച്ചയോടെ. നേരിട്ട് ഓട്ടോ പിടിച്ചു കോഴിക്കോട്ടേക്കു പോകാൻ പണമില്ല. അതിനാൽ കാസർകോഡ് സ്വദേശിയോടൊപ്പം ഓട്ടോറിക്ഷയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കു വാടക ഷെയറിട്ടു പോകാൻ തീരുമാനിച്ചു.
ഓട്ടോറിക്ഷ ദേശീയപാതിയിലേക്കു കടന്നതും ബൈക്കിലെത്തിയവർ ഓട്ടോ തടഞ്ഞുനിർത്തി. പെട്ടെന്നുതന്നെ പിന്നാലെവന്ന ക്രൂയിസർ ട്രക്കിലെത്തിയ ഏഴുപേർ ഷംസാദിനെയും സഹയാത്രികനെയും വാഹനത്തിൽ പിടിച്ചുകയറ്റി.
ഇവരിൽനിന്ന് എടിഎം കാർഡ് കൈക്കലാക്കി. 23,000 രൂപയും 100 ദിർഹവും കവർന്ന സംഘം മറ്റെയാളെ വിട്ടു ഷംസാദിനെയുമായി യാത്ര തുടർന്നു.
യാത്രയിലുടനീളം സംഘം ആവശ്യപ്പെട്ടതു സ്വർണമായിരുന്നു. ഷംസാദ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമാണു സംഘത്തിനു വേണ്ടത്. എന്നാൽ, താൻ സ്വർണം കടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ക്വട്ടേഷൻ സംഘം വിട്ടില്ല.
കടലുണ്ടി പാലത്തിനു സമീപമെത്തിച്ചു യുവാവിന്റെ വസ്ത്രങ്ങൾ മുഴുവൻ അഴിച്ചു സംഘം പരിശോധിച്ചു. സ്വർണം കണ്ടെത്താനായില്ല. കലി പൂണ്ട സംഘത്തിലൊരാൾ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി.എന്നിട്ടും സ്വർണം ലഭിച്ചില്ല.
ഒടുവിൽ ഇയാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം ഉപേക്ഷിച്ചു സംഘം സ്ഥലംവിട്ടു. ഷംസാദ് കൊണ്ടോട്ടി പോലീസിലെത്തി പരാതി പറഞ്ഞതോടെയാണ് സ്വർണക്കടത്തുകാർക്കു വേണ്ടി ക്വാട്ടേഷൻ സംഘം നടത്തിയ കൊടുംക്രൂരത പുറംലോകം അറിഞ്ഞത്.
സംഭവം അന്വേഷിച്ച കൊണ്ടോട്ടി പോലീസ് കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രതികളെ പിടികൂടുകയും ചെയ്തു. മൂന്നു ജില്ലകളിലേയും ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിച്ചാണ് കൃത്യം നടത്തിയത്.
കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളാണ് മറ്റുളളവരെ കൂടി വലയിലാക്കിയത്. അറസ്റ്റിലായവരിൽ ഒരാളുടെ സുഹൃത്തിനെ തന്ത്രപൂർവം വശത്താക്കിയ പോലീസ് ഇയാളെകൊണ്ടു പ്രതികളിലൊരാളെ പണത്തിനായി എംടിഎം കൗണ്ടറിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രതി എംടിഎം കൗണ്ടറിലേക്കു കയറിയതും മഫ്ടിയിലെത്തിയ പോലീസ് പൊക്കി. ശേഷിച്ച പ്രതികൾ മംഗലാപുരത്തു വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണു കുടുങ്ങിയത്.
ഇവരെയും സ്ഥിരമായി മദ്യപിക്കുന്ന ബാറിലേക്കു സുഹൃത്തിനെ കൊണ്ടു വിളിച്ചുവരുത്തി പുറത്തു കടക്കാൻ കഴിയാത്ത വിധത്തിൽ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.