സ്വന്തംലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ‘പ്ലാന്‍ ബി ‘ ഒരുക്കിയ പ്രതികളെ പൂട്ടാന്‍ കസ്റ്റംസ്.കേസിലുള്‍പ്പെട്ട 17 പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് ആക്ട് ചുമത്തി കുരുക്കിടാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചത്.
പാലക്കാട് സ്വദേശികളായ മുബഷീര്‍, സുഹൈല്‍, സാലി, മുഹമ്മദ് മുസ്തഫ, ഹസന്, ഫൈസല്‍, ഷാനിദ്, ഫയാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഫൈജാസ്, സൂഫിയാന്, റിയാസ്, മുഹമ്മദ് ബഷീര്‍, ഷംസുദ്ദീന് കണ്ടത്തില്‍, മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഹാഫിസ്, താമരശേരി സ്വദേശി അബ്ദുള്‍ നാസര്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ്, എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചത്.
അടുത്ത ദിവസം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടര്‍ന്ന് കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്യും.കരിപ്പൂര്‍ കേസില്‍ കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും അന്വേഷണം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി പ്രതികളുടെ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ജയിലിലെത്തിയെങ്കിലും പ്രതികള്‍ പൂര്‍ണമായും നിസഹകരിക്കുകയായിരുന്നു. കസ്റ്റംസ് മുമ്പാകെ നിസഹകരിക്കുമെന്ന് പ്രതികള്‍ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു.
സ്വര്‍ണക്കടത്തിനെ കുറിച്ചോ വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കുന്നവരെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ മൊഴി നല്കാന് ആരും തയാറായില്ല. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കും വിധത്തില്‍ മൊഴികള്‍ മാത്രമായിരുന്നു പലരും നല്‍കിയത്.
വാട്സ് ആപ്പ് ചാറ്റുള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച തെളിവുകള്‍ സഹിതം പ്രതികള്‍ക്കെതിരേ കസ്റ്റംസ് ആക്ട് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്. കോടതിയുടെ അനുമതി ലഭിച്ചതോടെ പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിലെടുക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്.