മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ.
മുഹമ്മദ് കമറുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1255 ഗ്രാം സ്വർണം പിടികൂടി. ഇന്നു പുലർച്ചെ രണ്ടിന് ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് കമറുദ്ദീൻ.
കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സ്കോസിനുള്ളിലായി ഇരു കാൽ പാദത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 1434 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1255 ഗ്രാമാണ് ലഭിച്ചത്.
പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം15 ലക്ഷത്തോളം രൂപയുടെ സ്വർണവും യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് 302 ഗ്രാം സ്വർണം പിടികൂടിയത്.