മട്ടന്നൂർ: കാലിൽകെട്ടി കടത്താൻ ശ്രമിച്ച ഒന്നരക്കിലോയോളം സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സലീൽ നിന്നാണ് 73 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്.
ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു വയനാട് സ്വദേശി മുഹമ്മദ് സലീൽ. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
മുഹമ്മദ് സലീൽ ധരിച്ച പാന്റിനുള്ളിൽ കാൽമുട്ടിന് തൊട്ട് താഴെയായി ഓരോ കാലിലും സംയുക്ത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിൽ നിന്ന് 1338 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു.
പിടിച്ചെടുത്ത സ്വർണത്തിന് 73,18,860 രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ കെ.ബിന്ദു, അജിത് കുമാർ, ഇൻസ്പെക്ടർമാരായ പങ്കജ്, നിശാന്ത്, അശ്വിന, രാജീവ്, ഹെഡ് ഹവിൽദാർ തോമസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.