കോഴിക്കോട്: സ്വർണക്കടത്തുകേസിൽ തീവ്രവാദബന്ധം കോടതിയിൽ സ്ഥാപിച്ചെടുക്കാനാകാതെ എൻഐഎ വിഷമവൃത്തത്തിൽ. തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ഇതു കൃത്യമായി തെളിയിക്കുന്ന സൂചനകൾ കോടതിക്കു മുന്നിലെത്തിക്കാൻ എൻഐഎയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
യുഎഇയിലുള്ള പ്രതികളെ കസ്റ്റഡിയിൽ കിട്ടാതെ ഇതു കൃത്യമായി തെളിയിക്കാനാകില്ല എന്നതാണ് എൻഐഎയ്ക്കു കുരുക്കായിരിക്കുന്നത്.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധം തെളിയിക്കാന്‍ വിദേശത്തുള്ള പ്രതികളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് എന്‍ഐഎ.
ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഫരീദിനെയും റബിന്സണയും ചോദ്യം ചെയ്താല്‍ മാത്രമേ സ്വര്‍ണക്കടത്തിൽ ഭീകരബന്ധം ഉണ്ടെങ്കിൽ തെളിയിക്കാനാവൂ. പണമൊഴുക്കിയതിന്റെ വഴികള്‍ ഏതെല്ലാമാണെന്നു പ്രതികളില്‍നിന്ന് വ്യക്തമാകണം. എന്നാല്‍, മാത്രമേ കേസിൽ യുഎപിഎ നിലനില്ക്കുകയുള്ളൂ.
2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ മാത്രം 230 കിലോ സ്വര്‍ണമാണ് നയതന്ത്ര ബാഗേജ് വഴി കടത്തിയത്. ഇത്രയും തുക എങ്ങനെ സംഘടിപ്പിച്ചതെന്നു കണ്ടെത്തിയാല്‍ ഭീകരബന്ധത്തെക്കുറിച്ചു തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
കേസില്‍ ഇതുവരെയും എന്‍ഐഎക്കു ഭീകരബന്ധം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇന്നലെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ ചുമത്തിയിട്ടും 10 പ്രതികള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ജാമ്യവും അനുവദിച്ചു.
ഇതിനു പിന്നാലെയാണ് സ്വര്‍ണക്കടത്തിലെ ഭീകരബന്ധം കണ്ടെത്താന്‍ ദുബായിയിലുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നത്.അതേസമയം, ദുബായ് പോലീസ് രാജദ്രോഹകുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
നിലവില്‍ പ്രതികളെ വിട്ടുകിട്ടുന്നതിനായി ഇന്റര്‍പോള്‍ വഴി നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ യുഎഇ ഭരണകൂടവുമായി ബന്ധപ്പെട്ടാല്‍ മാത്രമേ എന്‍ഐഎയ്ക്കു കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
സംസ്ഥാന ബിജെപി ഘടകവും പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ അന്വേഷണത്തിന്റെ ഭാഗമായി ദുബായിലേക്ക് എന്‍ഐഎ സംഘം തിരിച്ചിരുന്നു.
അവിടെയെത്തിയെങ്കിലും പ്രതികളെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യ-യുഎഇ സൗഹൃദം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഫൈസലിനെയും റബിന്‍സിനെയും അറസ്റ്റ് ചെയ്തത്.
യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനുമതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ചാണ് സ്വര്‍ണം കടത്തിയത്. ഭീകരബന്ധമുള്ളവരില്നിന്നും സംഘടനകളില്‍നിന്നും പണം സ്വീകരിച്ചാണ് സ്വര്‍ണം കടത്തിയതെന്നാണു കേന്ദ്രഏജന്‍സികളുടെ നിഗമനം.