കോഴിക്കോട്: നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ തന്നെ കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാഫലം അടിസ്ഥാനമാക്കിയാണ് ഷാഫിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിടുക.
കടത്തിയ സ്വര്‍ണം സംബന്ധിച്ച് ഷാഫിക്ക് എല്ലാം അറിയാമെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പല വിവരവും ഷാഫി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മറ്റു പ്രതികളില്‍ നിന്നു ഷാഫിയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. റമീസുമായി ഷാഫിക്ക് അടുത്തബന്ധമാണുള്ളത്. റമീസ് പലതവണകളായി ഷാഫി മുഖാന്തിരം സ്വര്‍ണം വില്പനയ്ക്കായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
രാഷ്ട്രീയക്കാരുമായും ഷാഫിക്ക് ബന്ധമുണ്ട്. ഈ ബന്ധം സ്വര്‍ണക്കടത്തിന് മറയാക്കിയിട്ടുണ്ടോയെന്നും ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാവും. കള്ളക്കടത്ത് സ്വര്‍ണമുപയോഗിച്ച് ഷാഫി സമ്പാദിച്ചതിന്റെ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കും.
ആവശ്യമെങ്കില്‍ ഷാഫിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം ഷാഫിയും സ്വപ്നസുരേഷും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോയെന്നതും സംശയിക്കുന്നുണ്ട്.
ഷാഫിയെ കൂടാതെ കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ഹമീദ്, ഹംജത്ത്അലി എന്നിവരേയും കസ്റ്റഡിയിലെടുക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്.