കോഴിക്കോട്: 70 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്തു കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയ മുഖ്യപ്രതിയുടെ കൂട്ടാളിയും പിടികിട്ടാപുള്ളി.
ബംഗളുരുവില്‍ ഡിആര്‍ഐ പിടികൂടിയ കൊടുവള്ളി സ്വദേശി ഷിഹാബുദീന്റെ സുഹൃത്ത് വാവാട് സ്വദേശി ടി. കെ. സൂഫിയാനാണ് മുങ്ങിയത്. ഇയാള്‍ ഇന്ത്യയിലെത്തിയാല്‍ പിടികൂടാനുള്ള എല്ലാ നടപടികളും ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് സ്വീകരിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ ബംഗളുരു ഡിആര്‍ഐയിലും കേസുകള്‍ നിലവിലുണ്ട്. 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ അഞ്ചു പ്രതികളില്‍ ഒരാളാണ് ടി. കെ. സൂഫിയാന്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൂഫിയാനെ പിടികൂടിയിരുന്നു.
പിന്നീട് ജാമ്യമിറങ്ങിയ സൂഫിയാന് ദുബൈയിലേക്ക് കടന്നു. ദുബൈ, ഷാര്‍ജ, ബഹ്റൈന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ലക്നൗ, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണു സൂഫിയാനും സംഘവും സ്വര്‍ണം കടത്തിയിരുന്നത്. ഇവര്‍ കാരിയറായി സ്ത്രീകളെയും ഉപയോഗിച്ചതായി ഡിആര്‍ഐ കണ്ടെത്തിയിരുന്നു.
സ്വര്‍ണം പൊടിയാക്കി രാസവസ്തുക്കളുമായി കലര്‍ത്തിയശേഷം ഉള്‍വസ്ത്രങ്ങളില്‍ ഒളിപ്പിച്ചാണു കടത്തിയിരുന്നത്. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ കഴിഞ്ഞ ദിവസം ബംഗളുരു ഡിആര്‍ഐ പിടികൂടിയ ഷിഹാബുദ്ദീന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
സൂഫിയാന്റെ സംഘത്തിന്റെ സ്വര്‍ണം ശുദ്ധീകരിക്കുന്ന അഞ്ച് ഫര്‍ണസും 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചു നല്‍കിയതിന്റെ രേഖകളും കഴിഞ്ഞ ഓഗസ്റ്റില്‍ ഡിആര്‍ഐ പിടിച്ചെടുത്തതോടെയാണ് വന്‍ കള്ളക്കടത്തിന്റെ വിവരങ്ങള്‍ പുറത്തായത്.
സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഉള്‍വസ്ത്രങ്ങള്‍, 2.5 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം എന്നിവയും ഇവിടെനിന്നു ലഭിച്ചിരുന്നു. കേസിലെ മുഖ്യപ്രതികളായ നസീമും തഹീമും കള്ളക്കടത്തു സംഘങ്ങള്‍ക്ക് 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചു നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ റജിസ്റ്ററും നോട്ട്ബുക്കുകളും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനിടെയാണ് സൂഫിയാന്റെ പങ്കിനെ കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചത്. സൂഫിയാനു പുറമേ ഈ കേസിലെ പ്രതിയായ ആവിലോറ സ്വദേശി ഷമീര്‍ അലിയും ഒളിവിലാണ്. കഴിഞ്ഞ ദിവസം ബെംഗളുരു ഡിആര്‍ഐ പിടികൂടിയ ഷിഹാബുദ്ദീന് 2018 ല്‍ 200 കിലോഗ്രാം സ്വര്‍ണം പലര്വഴിയായി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഷിഹാബിദ്ദീന്‍ . ഷിഹാബുദ്ദീനുമായി സൂഫിയാനുള്പ്പെടുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്.