കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസില്‍ നിന്ന് ചോര്‍ന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ ഏജന്‍സികളില്‍ ഇടത് അനുഭാവികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇത് ഏറെ ഗൗരവമുള്ളതാണ്.
രഹസ്യാന്വേഷണ വിഭാഗം (ഐബി) ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണസംഘാംഗങ്ങളുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. അതേസമയം അന്വേഷണ സംഘത്തിലുള്ളവരുടെ രാഷ്ട്രീയം സംബന്ധിച്ച് ബിജെപിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പാര്‍ട്ടി ഇടപെട്ടിട്ടില്ല. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ ജനം ടിവി കോ-ഓർഡിറേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം മാത്രം ചോര്‍ന്നത് അതീവ പ്രാധാന്യത്തോടെയാണ് ബിജെപി നേതൃത്വം കാണുന്നത്.
ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതും ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളിലെ ഇടത് അനുഭാവികളെ കണ്ടെത്താന്‍ പാര്‍ട്ടിയും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് തുടങ്ങി ഉദ്യോഗസ്ഥരെ കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള അടുപ്പത്തെ കുറിച്ചും മറ്റുന്നതരെ കുറിച്ചും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴിയുടെ പകര്‍പ്പുകളൊന്നും അന്വേഷണസംഘത്തില്‍ നിന്ന് ചോര്‍ന്നിട്ടില്ല.
ചില ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്കുന്ന വിവരങ്ങളൊഴിച്ചാല്‍ മറ്റെല്ലാം അതീവ രഹസ്യമായിരുന്നു. എന്നിട്ടും അനില്‍ നമ്പ്യാരെ കുറിച്ച് എഴുതി നല്കിയ മൊഴി ചോര്‍ന്നത് രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ വേണ്ടി മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചതിന് ഒരു ദിവസം മുന്‍പ് തന്നെ സ്വപ്നയുടെ മൊഴി പ്രചരിപ്പിച്ചിരുന്നു. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
ഈ ഘട്ടത്തില്‍ നല്കിയ മൊഴിയാണ് ചോര്‍ന്നത്. അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്തെ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
തുടര്‍ന്നാണ് മൊഴി ചോര്‍ന്നതിനെ കുറിച്ച് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കസ്്റ്റംസ് ഇന്റലിജന്‍സ് ആഭ്യന്തര അന്വേഷണം നടത്തിയതും കസ്റ്റംസ് സംഘത്തില്‍ നിന്ന് അസി.കമ്മീഷണര്‍ എന്‍.എസ്.ദേവിനെ മാറ്റിയതും.