കൊച്ചി: ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെത്തി. സോനറില്ല അഞ്ചുരുളിക്ക എന്ന ശാസ്ത്രനാമമാണ് ഇതിനു നൽകിയിരിക്കുന്നത്.
ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, കല്പറ്റ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.
സുന്ദരിയില, സ്വർണയില എന്നീ പേരുകളിൽ അറിയപ്പെടുന്ന സോനറില്ല സസ്യങ്ങളുടെ അന്പതിൽപ്പരം വ്യത്യസ്ത ഇനങ്ങൾ പശ്ചിമഘട്ടത്തിലുണ്ട്. മനോഹരങ്ങളായ ഇലകളും പൂക്കളുമുള്ള ഇവയിലേറെയും പ്രദേശികമായി മാത്രം വളരുന്ന അപൂർവയിനങ്ങളാണ്. അലങ്കാരസസ്യങ്ങളായി രൂപപ്പെടുത്താവുന്നതാണ് ഇവയിലധികവും. അഞ്ചുരുളി മലയുടെ കിഴക്കൻ ചരിവിൽനിന്നാണു പുതിയ സസ്യത്തെ കണ്ടെത്തിയത്.
ഇലകളുടെ ആകൃതി, സിരാവിന്യാസം, വർണം, പൂക്കളുടെ ആകൃതിയും ക്രമീകരണവും എന്നിവയാൽ ഇവ മറ്റുള്ളയിനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നു. ചെടിയെ സംബന്ധിച്ച വിവരണങ്ങൾ ‘സ്പീഷ്യസ്’ എന്ന ശാസ്ത്രമാസികയുടെ പുതിയ ലക്കത്തിലുണ്ട്.