തിരുവനന്തപുരം: കർഷകരുടെ സഹായത്തിനായി ബാങ്കുകൾ മുഖേനെ നടപ്പാക്കി വന്നിരുന്ന അഗ്രി ഗോൾഡ് ലോണ്‍ പദ്ധതി ഇനി കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു മാത്രം. ഇക്കാര്യം സംബന്ധിച്ചു കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം കൃഷി മന്ത്രാലയത്തിനു നല്‍കിക്കഴിഞ്ഞു.
2019 സെപ്റ്റംബർ ഏഴിനു ശേഷമുള്ള സ്വർണപ്പണയത്തിനു നാലു ശതമാനം പലിശ എന്ന ആനുകൂല്യം ലഭ്യമാകണമെങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡ് വേണമെന്ന നിർദേശമാണു കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക ബാങ്കുകളും ഇപ്പോൾ അഗ്രി ഗോൾഡ് ലോണ്‍ നല്‍കുന്നതും നിർത്തിവച്ചിരിക്കയാണ്.
സംസ്ഥാനത്തുനിന്നു പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിലേക്കു കർഷകരായി അപേക്ഷിച്ചിട്ടുള്ളത് 29 ലക്ഷത്തോളം ആളുകളാണ്. എന്നാൽ, സംസ്ഥാനത്ത് കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഉളളവരായിട്ടുള്ളത് ഇതിന്റെ പകുതി മാത്രവും. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാരായ നിരവധി കർഷകർക്ക് അഗ്രി ഗോൾഡ് ലോണിന്റെ ആനുകൂല്യം നഷ്ടപ്പെട്ടേക്കും.
നിലവിൽ നാലു ശതമാനം നിരക്കിൽ സ്വർണപ്പണയ വായ്പ ലഭിച്ചവർ കിസാൻ ക്രെഡിറ്റ് കാർഡ് രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അവരുടെ സ്വർണപ്പണയത്തിന്റെ പലിശ ഉയർന്ന നിരക്കിലേക്കു മാറ്റപ്പെടും. ഇക്കാര്യത്തിൽ ബാങ്കുകൾ ഇതുവരെ വ്യക്തമായ തീരുമാനം ഇടപാടുകാരെ അറിയിച്ചിട്ടില്ല.