കാഞ്ഞിരപ്പള്ളി: തളരാത്ത പോരാട്ട വീര്യവുമായി പ്രായത്തെ തോൽപ്പിച്ച് മെഡലുകൾ വാരിക്കൂട്ടുകയാണ് മാത്തച്ചൻചേട്ടൻ എന്ന മുണ്ടക്കയം പറത്താനം ഇലഞ്ഞിമറ്റം എ.ജെ. മാത്യുവെന്ന 76കാരൻ. കോഴിക്കോട് നടന്ന കേരള മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻ ഷിപ്പിൽ 75-80 കാറ്റഗറിയിൽ 5000 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടി.
100, 200, 400 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും മെഡലും കരസ്ഥമാക്കി. മാത്തച്ചന്റെ മത്സര ആവേശം ഇവിടം കൊണ്ടും തീരുന്നില്ല. മുൻ വർഷങ്ങളിൽ നടത്തത്തിലും ഓട്ടത്തിലും സ്വർണങ്ങൾ നേടിയിരുന്നു. പാലാ വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ മൈതാനത്തു നിന്നും മത്സരിച്ച് തുടങ്ങിയ മാത്തച്ചൻ നാഷണൽ ചാന്പ്യനും നിരവധി മെഡലുകളും വാരിക്കൂട്ടി.
കോളജ് വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിൽ എംഎസ്പി പോലീസ് ഓഫീസറായി ജോലി ലഭിച്ചു. പോലീസുകാരുടെ ട്രെയിനറായിരുന്നു ഇദേഹം. 35 വർഷമായി മുടങ്ങാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒാട്ടോ പാഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി കമ്മിറ്റി മെംബർ, വെറ്റനറീസ് അത്ലറ്റിക് ജില്ലാ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.