കൊച്ചി: ദുബായിയില്‍നിന്ന് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 2.23 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ കെ.പി. സിറാജുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് തുടങ്ങി.
സിനിമ നിര്‍മാതാവായ സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നു ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ കസ്റ്റംസ് അധികൃതരെ അറിയിച്ചിരുന്നു.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള മുപ്പത്തടം സ്വദേശികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
ഷാബിന്റെ സുഹൃത്തുക്കളായ സിറാജ്, പാലച്ചുവട് സ്വദേശി സുധീര്‍, മുപ്പത്തടം സ്വദേശി അഫ്സല് എന്നിവരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. ഇവരില്‍ രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
സ്വര്‍ണക്കടത്തിന് പണം നല്കിയ കൂടുതല്‍പ്പേരെക്കുറിച്ച് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരില്നിന്ന് ലഭിച്ചതായാണ് വിവരം.
ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണം കടത്താന്‍ ഷാബിന് 65 ലക്ഷം രൂപയും സുഹൃത്തുക്കള്‍ 35 ലക്ഷം രൂപയും നിര്‍മാതാവായ കെ.പി. സിറാജുദ്ദീന് കൈമാറിയതായി കസ്റ്റംസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഷാബിന്റെ പിതാവ് ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഷാബിന്റെ അറസ്റ്റ്.
വിദേശത്തുനിന്ന് സിറാജുദ്ദീന് കയറ്റി അയയ്ക്കുന്ന സ്വര്‍ണം ഷാബിനും സിറാജും വിപണനം നടത്തുന്നതായിരുന്നു രീതി.
കഴിഞ്ഞ 23ന് രാത്രി ദുബായില്‍നിന്ന് വന്ന വിമാനത്തില്‍നിന്നാണ് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ രണ്ട് കിലോയിലധികം സ്വര്‍ണം പിടിച്ചെടുത്തത്.