മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന 480 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു ഹാഫിസിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
മിശ്രിത രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കിയാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.
പുതുവർഷ ദിനത്തിൽ 85 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
സ്വർണക്കടത്ത് നടക്കുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദുകൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.