കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് ലഹരി കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയും(എന്‍സിബി) എത്തുന്നു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്മെന്റും അന്വേഷിച്ചു വരുന്നതിനിടെയാണ് ലഹരിക്കടത്ത് അന്വേഷിക്കാനായി എന്‍സിബിയും കേരളത്തിലെത്തുന്നത്.
അതേസമയം ലഹരിക്കടത്തിനും സ്വര്‍ണക്കടത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ആരോപണത്തക്കുറിച്ചു കസ്റ്റംസ് പരിശോധിക്കും.
ലഹരിക്കടത്ത് കേസില്‍ കന്നഡ സീരിയല്‍ നടി അനിഘയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇതോടെ മലയാള സിനിമാ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സാധ്യതയേറി. പിടിയിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടെന്നാണ് വിവരം.
അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഇത് സാധൂകരിക്കുന്നതാണ്. അതേസമയം, നടന് ബിനീഷ് കൊടിയേരിയുടെ പേര് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെതിരേയും സര്‍ക്കാരിനെതിരേയും പുതിയ ആരോപണങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
നിലവില്‍ എന്‍സിബി സംസ്ഥാനത്ത് അന്വേഷണം ആരംഭിച്ചതായാണ് സൂചന. എന്‍സിബിക്ക് കൊച്ചിയില്‍ മാത്രമാണ് ഓഫീസുള്ളത്. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ബംഗളൂരു കേസ് അന്വേഷിക്കുന്ന സംഘം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ബംഗളൂരുവില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി അനൂപിന്റെ മൊഴി പുറത്തായതോടെയാണ് ബംഗളൂരു ലഹരിക്കടത്ത് കേസ് സംസ്ഥാനത്തു ശ്രദ്ധയാകര്‍ഷിച്ചത്.
ബിനീഷ് കൊടിയേരിയുമായി സാമ്പത്തിക ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന അനൂപിന്റെ മൊഴിയോടെ ലഹരിക്കടത്തിന് രാഷ്ട്രീയ മാനവും വന്നു. അനൂപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ മറ്റുള്ളവരെ കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഏതെല്ലാം സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഈ കേസുമായി ബന്ധമുണ്ടെന്നത് അറിയാനാവും.
ലഹരിക്കടത്ത് കേസിലും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണമുയര്‍ന്നിട്ടുണ്ട്. കേസിലെ പ്രതികള്‍ക്ക് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.
മുഖ്യപ്രതിയായ അനൂപിന് ജൂലൈ 10ന് വന്ന കോളുകള്‍ പരിശോധിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആ ദിവസമാണ് സ്വപ്ന സുരേഷ് ബംഗളൂരുവില്‍ പിടിക്കപ്പെട്ടതെന്നാണ് പറയുന്നത്. ഇതിന് മുമ്പായി ബിനീഷ് അനൂപിനെ 26 തവണ വിളിച്ചിട്ടുണ്ടെന്നും ഫിറോസ് ആരോപിച്ചിട്ടുണ്ട്.