മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുകയായിരുന്ന സ്വർണവും ഐഫോണുകളും സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നാണ് 21 ലക്ഷത്തിലധികം രൂപ വരുന്ന 290 ഗ്രാം സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തായിരുന്നു മുഹമ്മദ് ഷാഫി. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കാലിൽ ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ചെയിൻ രൂപത്തിലുള്ള സ്വർണമുണ്ടായിരുന്നത്.
ഇയാളിൽ നിന്നും വില പിടിപ്പുള്ള 7 ഐഫോണുകളും 6,000 എണ്ണം വിദേശ നിർമിത സിഗരറ്റും പിടികൂടി. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ഹബീബ്, മനോജ് കുമാർ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.