കൊണ്ടോട്ടി: കസ്റ്റംസിനു സമയബന്ധിതമായി സ്വര്‍ണക്കടത്ത് വിവരം നല്‍കുന്നവര്‍ക്ക് (ഇന്‍ഫോര്‍മര്‍) ലഭിക്കുന്നതും ലക്ഷങ്ങളുടെ പാരിതോഷികം.
കളളക്കടത്ത് പിടിക്കുന്നതിന്റെ തോത് അനുസരിച്ച് ഇന്‍ഫോര്‍മറുടെ റേറ്റ് ഉയരും. പവന് 150 രൂപ നിരക്കിലാണ് നിലവില്‍ ഇന്‍ഫോര്‍മര്‍ക്ക് കസ്റ്റംസ് നല്‍കുന്നത്.
ഇന്‍ഫോം ചെയ്യുന്നവരുടെ വിവരങ്ങള്‍ കസ്റ്റംസ് രഹസ്യമായി വയ്ക്കും. ഒരു കിലോഗ്രാം സ്വര്‍ണം പിടിച്ചാല്‍ ഇന്‍ഫോം ചെയ്യുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ലഭിക്കുക.
വിവരം നല്‍കുന്നതിനുള്ള പാരിതോഷികം കൂടുതല്‍ വാങ്ങുന്നതു വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. 2018ല്‍ 40 ലക്ഷം രൂപയാണ് കൃത്യമായി സ്വര്‍ണം കൊണ്ടുവരുന്ന ആളെക്കുറിച്ചു വിവരം നല്‍കിയതിന് ഇന്‍ഫോര്‍മർമാര്‍ കൈപ്പറ്റിയത്.
ഇതില്‍ സര്‍ക്കാര്‍ ജീവനക്കാർ കൈപ്പറ്റിയത് 25 ലക്ഷം.15 ലക്ഷമാണ് മറ്റുളളവര്‍ വാങ്ങിയത്. 2016-17 വര്‍ഷത്തില്‍ സ്വകാര്യവ്യക്തികൾ 15 ലക്ഷവും സര്‍ക്കാര്‍ ജീവനക്കാർ 23 ലക്ഷം കൈപ്പറ്റി.
കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ഫോര്മാരായി കൈപ്പറ്റിയത് 30 ലക്ഷത്തിനു മുകളിലാണ്. സ്വര്‍ണക്കടത്ത് പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പിടികൂടുന്ന സ്വര്‍ണ മൂല്യത്തിന്റെ പത്ത് ശതമാനം പാരിതോഷികം ലഭിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം 400 കിലോ സ്വര്‍ണമാണ് നാലു വിമാനത്താവളങ്ങളില്‍ നിന്നായി പിടികൂടിയത്. ഇതില്‍ 233 കിലോ സ്വര്‍ണവും കരിപ്പൂരിലാണ് പിടികൂടിയത്. കൊച്ചിയില്‍ 115 കിലോയും കണ്ണൂരില്‍ 33 കിലോയും തിരുവനന്തപുരത്ത് 63 കിലോയുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.