തൊടുപുഴ: മോഷണ മുതലെന്ന് ആരോപിച്ച് ജ്വല്ലറിയിൽ നിന്ന് പോലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷങ്ങൾക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു.
മോഷണക്കേസിലെ പ്രതിയെ കോടതി വെറുതെവിട്ടതോടെയാണ് തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വർണം തൊടുപുഴ കണ്ടിരിക്കൽ ജൂവലേഴ്സ് ഉടമ മാത്യു കണ്ടിരിക്കലിന് വീണ്ടും സ്വന്തമായത്.
വ്യാപാര ജീവിതത്തിൽ ഇതുവരെ മോഷണമുതൽ വാങ്ങാത്ത മാത്യുവിന് പതിറ്റാണ്ടുകൾക്കു ശേഷം സത്യം തെളിഞ്ഞതിൽ അതിരറ്റ സന്തോഷം.
1989 ഒക്ടോബറിലായിരുന്നു സംഭവം. മുട്ടം സ്വദേശിയായ വീട്ടമ്മയുടെ മാല മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പോലീസ് ജ്വല്ലറിയിലെത്തി.
മോഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. മോഷണമുതൽ വാങ്ങാറില്ലെന്ന് മാത്യു ആണയിട്ട് പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല.
ഒന്നുകിൽ 10 ഗ്രാം സ്വർണം പോലീസിന് നൽകുക. അല്ലെങ്കിൽ പ്രതിയ്ക്കൊപ്പം പോലീസ് ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് പോകുക.
അഭിമാനിയായ മാത്യു ഒടുവിൽ ഒരു മാലയെടുത്ത് ഉരുക്കി കട്ടിയാക്കി പോലീസിന് നൽകി. ജ്വല്ലറിയുടെ സീലും നന്പറും പതിച്ച അതിന് 9.8 ഗ്രാം തൂക്കമുണ്ടായിരുന്നു.
നിരപരാധിത്വം തെളിയിക്കാൻ മാത്യു ആദ്യം പോലീസിൽ പരാതി നൽകി. ഒരു തവണ കോടതിയിലും ഹാജരായി. യാതൊരു പങ്കുമില്ലാത്ത ആ സംഭവം മാത്യു മനസിൽനിന്നുതന്നെ മായ്ച്ചുകളഞ്ഞു.
ആറുമാസം മുന്പ് കാഞ്ഞാർ സ്റ്റേഷനിൽ നിന്ന് ഒരു ഫോണ്കോളെത്തി. സ്വർണം തൊടുപുഴ ഫസ്റ്റ് ക്ളാസ് ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽനിന്ന് ഏറ്റുവാങ്ങാമെന്നായിരുന്നു അറിയിപ്പ്.
കഴിഞ്ഞ ഏഴിന് വക്കീലുമായി ചെന്ന് സ്വർണം ഏറ്റുവാങ്ങി. കേസിൽ വാദിയായ സ്ത്രീ നേരത്തേ മരിച്ചിരുന്നു.
ഇവരുടെ ബന്ധുക്കൾ അവകാശവാദം ഉന്നയിച്ചെങ്കിലും കോടതിയിൽ തെളിയിക്കാനായില്ല. സ്വർണം വാങ്ങിയതിന്റെയും പോലീസിന് നൽകിയതിന്റെയും രേഖകൾ മാത്യു ഹാജരാക്കിയിരുന്നു.
1980ൽ മാത്യുവിന്റെ പിതാവ് കട നടത്തുന്പോഴും സമാന രീതിയിൽ സംഭവമുണ്ടായിട്ടുണ്ട്. നാലു വർഷങ്ങൾക്ക് ശേഷമാണ് അത് തിരികെ ലഭിച്ചത്.
തിരികെ കിട്ടിയ സ്വർണത്തിനു തുല്യമായ പണം മാത്യു നേതൃത്വം നൽകുന്ന കിഡ്നി രോഗികളെ സഹായിക്കുന്ന സംഘടനയ്ക്ക് നൽകാനാണ് ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹത്തിന്റെ തീരുമാനം.