കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റിക്കാര്‍ഡ് മുന്നേറ്റം തുടരുമ്പോള്‍ കൈയിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനം 20ലധികം പേരാണ് പഴയ സ്വര്‍ണം വിൽക്കാനായി കൊച്ചി നഗരത്തിലെ വിവിധ സ്വര്ണക്കടകളിലെത്തുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണം മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്.
10,000 രൂപയ്ക്കു മുകളിലുള്ള വിൽപ്പനയ്ക്ക് ചെക്കാണ് നല്‍കുന്നത്. ഗൂഗിള്‍ പേ വഴി പണം നല്കുന്നതിനായുള്ള സൗകര്യവും ഉണ്ട്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമായി.
കഴിഞ്ഞ 19ന് ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. ക്രമാതീതമായ വില വര്‍ധന മൂലം സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതാണ് നിലവിലെ ട്രെന്‍ഡെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
എന്നാല്‍ പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ കുറവ് വന്നിട്ടുണ്ട്. കല്യാണ സീസണ് തുടങ്ങിയതോടെ സ്വര്‍ണവിലയിലെ വര്‍ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും സ്വര്‍ണം നിക്ഷേപമായി വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. വളരെ എളുപ്പത്തില്‍ പണമാക്കി മാറ്റാനും സൂക്ഷിക്കാനും ഒക്കെ പറ്റുന്ന ഒന്നാണ് സ്വര്‍ണ നിക്ഷേപം എന്നത് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ക്ക് പകരമായി മറ്റു പല ലോഹ ആഭരണങ്ങളും വിപണിയില്‍ ഉണ്ടെങ്കിലും അതൊന്നും പലരും കൂടുതലായി വിവാഹം പോലുള്ള ചടങ്ങുകളില്‍ വാങ്ങുന്നില്ലെന്നതാണ് വാസ്തവം. ഇവയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നു മാത്രമല്ല തിരികെകൊടുക്കാന്‍ കഴിയുകയുമില്ല. സ്വര്‍ണത്തിന് തേയ്മാനം ഇല്ല.
സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി, ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവയെക്കുറിച്ചെല്ലാം ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. സാധാരണ ഉപയോഗിക്കുന്ന കുറഞ്ഞ പണിക്കൂലിയുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി ഏകദേശം അഞ്ചു ശതമാനമേ വരൂ.
തിരികെ വില്ക്കുമ്പോള് പണിക്കൂലിയും ജിഎസ്ടിയും മാത്രമേ നഷ്ടമാകുന്നുള്ളൂ. വില വര്‍ധന ഉണ്ടാകുമ്പോള്‍ കൂടുതല്‍ വില ലഭിക്കുകയും ചെയ്യും എന്നത് ഉപഭോക്താവിനെ സ്വര്‍ണ നിക്ഷേപത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
സീമ മോഹൻലാൽ